കാസർകോട്ട് പൊലീസ് ഉദ്യോഗസ്ഥൻ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവർ റിമാൻഡിൽ. കാസർകോട് റെയിൽവേ സ്റ്റേഷനിൽ ഓട്ടോ ഓടിക്കുന്ന കെ.എം.നൗഷാദ് എന്നയാളാണ് അറസ്റ്റിലായത്.
റെയിൽവേ സ്റ്റേഷന് മുൻപിൽ വച്ച് ബസ് ജീവനക്കാരുമായി നൗഷാദ് തർക്കിച്ചിരുന്നു. ഈ പ്രശ്നം പരിഹരിച്ച ശേഷം ഓട്ടത്തിന് പോയ നൗഷാദിന്റെ വാഹനത്തിൽ ട്രെയിനിൽ വന്നിറങ്ങിയ കാസർകോട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കയറിയിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ അസഭ്യം വിളിച്ചെന്ന് ആരോപിച്ച് നൗഷാദ് ഓട്ടോ നിർത്തുകയായിരുന്നു. അസഭ്യം വിളിച്ചത് ചോദ്യം ചെയ്യുന്ന വീഡിയോ പുറത്തുവന്നു.
വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ച മറ്റൊരാളുടെ ഫോൺ പൊലീസ് തട്ടിയെടുത്തെന്നും പരാതിയുണ്ട്.
അറസ്റ്റിലായ നൗഷാദിന്റെ പേരിൽ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും, ബസുകാരുമായി തര്‍ക്കം ഉണ്ടായ വിഷയത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കിയതിനുമാണ് കേസെടുത്തത്. ഉദ്യോഗസ്ഥർ അസഭ്യം വിളിച്ചത് ചോദ്യം ചെയ്തതാണ് കേസെടുക്കാൻ കാരണമെന്നാണ് ആരോപണം.