രഹസ്യ ബന്ധമുണ്ടെന്ന് ആരോപിച്ച് സ്ത്രീക്ക് നേരെ കൂട്ട ലൈംഗികാതിക്രമം. ബിഹാറിലെ നളന്ദ ജില്ലയിലെ അജയ്പൂര്‍ സ്വദേശിനിക്കാണ് ഈ ദുരനുഭവം നേരിട്ടത്. മാർച്ച് 26-ന് നടന്ന സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. സ്ത്രീയെ തെരുവിലൂടെ നടത്തിച്ച് ഒരു കൂട്ടം പുരുഷന്‍മാര്‍ അപമര്യാദയായി പെരുമാറുന്നതും ഉപദ്രവിക്കുന്നതുമാണ് വിഡിയോയില്‍ ഉണ്ടായിരുന്നത്.
മൊബൈല്‍ റീചാര്‍ജ് ചെയ്യാനായി കടയിൽ പോയി മടങ്ങുകയായിരുന്ന യുവതിയെ ഒരു സംഘം പുരുഷന്മാർ തടഞ്ഞുനിർത്തുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും വസ്ത്രങ്ങൾ കീറാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. മൊബൈല്‍ ഷോപ്പിലെ ജീവനക്കാരനും സ്ത്രീയും തമ്മില്‍ ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കയ്യേറ്റശ്രമം നടന്നത്.
ആദ്യം യുവതിയെ മൊബൈല്‍ ഷോപ്പില്‍ പൂട്ടിയിടുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ നിർബന്ധിച്ച് സിന്ദൂരം തൊടാന്‍ ശ്രമിച്ചുവെന്നും കഴുത്ത് ഞെരിച്ചുവെന്നും മര്‍ദിച്ചിരുന്നു എന്നും സ്ത്രീ പറഞ്ഞു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പൊലീസ് നടപടി സ്വീകരിച്ചു. ഭര്‍തൃമാതാവിനും മൂന്ന് കുട്ടികള്‍ക്കും ഒപ്പമാണ് സ്ത്രീ താമസിക്കുന്നത്. ഭര്‍ത്താവ് പൂണെയില്‍ ജോലി ചെയ്യുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അശോക് യാദവ്, നവനീത് കുമാർ തുടങ്ങിയവരാണ് അറസ്റ്റിലായ പ്രധാന പ്രതികൾ. പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
അതിക്രമത്തിന് എതിരെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി . ബിഹാറിലെ സമാധാനം തകര്‍ന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു