train-arrest

TOPICS COVERED

കുടുംബത്തോടൊപ്പം ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന പത്തുവയസുകാരിക്കുനേരെ ലൈംഗികാതിക്രമം. ഓഖ-എറണാകുളം എക്‌സ്പ്രസിലാണ് സംഭവം. ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശി നൻഹക്കു (30) വിനെ കോഴിക്കോട് റെയിൽവേ പൊലീസ്  അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരം കേസെടുത്തു.

കണ്ണൂരെത്തിയപ്പോള്‍ കുട്ടിയുടെ അമ്മ റെയിൽവേ സ്റ്റേഷനിൽ വെള്ളം വാങ്ങാൻ ഇറങ്ങി. ആ സമയം ഇയാള്‍ കുട്ടിയുടെ അടുത്ത് വന്നിരുന്ന് മോശമായി പെരുമാറുകയായിരുന്നു. അമ്മ തിരിച്ചെത്തിയപ്പോള്‍ കുട്ടി വിവരം പറഞ്ഞു. പിന്നാലെ അമ്മ റെയില്‍വേ പോലീസില്‍ പരാതി നല്‍കി. ഉടന്‍ തന്നെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 

ട്രെയിനിലെ ബെഡ് റോള്‍ ജീവനക്കാരനാണ് നന്‍ഹക്കു. പിന്നീട് എറണാകുളത്ത് വച്ചാണ് അറസ്റ്റിലായത്. കോഴിക്കോട് റെയില്‍വേ പോലീസ് എസ്‌ഐ സി.പ്രദീപ് കുമാര്‍, എഎസ്‌ഐമാരായ ഷമീര്‍, സുനീഷ്, വനിതാ പോലീസ് ഉദ്യോഗസ്ഥരായ ജാനി, രന്യ എന്നിവരുള്‍പ്പെട്ട സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. പതിനാല് ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.