AI IMAGE
പ്രണയവിവാഹത്തിന്റെ പേരിൽ യുവാവിനോട് ഭാര്യാപിതാവിന്‍റെയും സംഘത്തിന്‍റെയും ക്രൂരത. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലുള്ള ഭുസാവലിലാണ് സംഭവം. തന്റെ എതിർപ്പ് മറികടന്ന് മകളെ വിവാഹം കഴിച്ചതിലുള്ള പകയിൽ യുവാവിനെ ക്രൂരമായി മർദ്ദിക്കുകയും നഗ്നനാക്കി റോഡിലൂടെ നടത്തുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒന്നര വർഷത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ മാർച്ച് 18-നാണ് യുവാവും യുവതിയും വിവാഹിതരായത്. വിവാഹശേഷം ഭുസാവൽ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയ ദമ്പതികൾ തങ്ങൾ വിവാഹിതരായ വിവരം ഉദ്യോഗസ്ഥരെ ഔദ്യോഗികമായി അറിയിച്ചിരുന്നു. നിയമപരമായ നടപടികളുടെ ഭാഗമായി പൊലീസ് പെൺകുട്ടിയുടെ വീട്ടുകാരെയും വിവരം ബോധ്യപ്പെടുത്തി. എന്നാൽ ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ വീട്ടുകാരുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘം ആക്രമണം ആസൂത്രണം ചെയ്തത്.
പൊലീസ് സ്റ്റേഷനിൽ നിന്നിറങ്ങി യുവാവിന്റെ അമ്മാവന്റെ വീട്ടിലേക്ക് പോയ ദമ്പതികളെ അക്രമിസംഘം പിന്തുടരുകയായിരുന്നു. യുവാവിനെ ബലംപ്രയോഗിച്ച് പിടികൂടുകയും കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. തുടർന്ന് നഗ്നനാക്കി പരസ്യമായി റോഡിലൂടെ നടത്തിച്ചതായും പരാതിയിൽ പറയുന്നു. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. അറസ്റ്റിലായ അഞ്ച് പേരെയും കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു.