വര്‍ക്കലയില്‍ റഷ്യന്‍ യുവതിയായ വിനോദസഞ്ചാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. വർക്കല, കടയ്ക്കാവൂർ, അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അനസിനെയാണ് വര്‍ക്കല പൊലീസ് പിടികൂടിയത്. കഴിഞ്ഞദിവസമാണ് വർക്കല സൗത്ത് ക്ലിഫിലെ റിസോർട്ടിൽ നിന്നും കുന്നിന്‍ചരുവിലെ പടിക്കെട്ടുകൾ വഴി കടൽത്തീരത്തേക്ക് ഇറങ്ങിയ റഷ്യൻ യുവതിക്ക് നേരെ അനസ് നഗ്നതാ പ്രദർശനം നടത്തിയത്.
പൊലീസില്‍ പരാതി നല്‍കുമെന്ന് അറിയിച്ചതോടെ കടന്ന് പിടിക്കുകയായിരുന്നു. കുതറി മാറി ഓടി രക്ഷപ്പെട്ട യുവതി വര്‍ക്കല പൊലീസില്‍ പരാതി നല്‍കി. വിദേശവനിതയെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട യുവാവ് ചിറയിന്‍കീഴിന് സമീപം വീട്ടില്‍ കയറി മറ്റൊരു യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് വര്‍ക്കലയില്‍ റഷ്യന്‍ യുവതിക്കെതിരെ അതിക്രമം നടത്തിയതും അനസാണെന്ന് തെളിഞ്ഞത്. ആറ്റിങ്ങല്‍ കോടതി റിമാന്‍ഡ് ചെയ്ത അനസിനെ അടുത്തദിവസം വര്‍ക്കല പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.