AI Image
എട്ടുവയസുമാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ പാഞ്ഞുവന്ന ട്രെയിന് മുന്നിലേക്ക് അമ്മ തള്ളിയിട്ടു. മധ്യപ്രദേശിലെ നര്‍മദാപുരത്താണ് സംഭവം. റെയില്‍വേ സ്റ്റേഷനില്‍ മകളുമൊത്ത് നില്‍ക്കുകയായിരുന്ന സ്ത്രീ ട്രെയിന്‍ പ്ലാറ്റ്ഫോമിലേക്ക് കയറിയതും മകളെ പിടിച്ച് തള്ളിയിടുകയായിരുന്നു. പെണ്‍കുട്ടിയുടെ തലയ്ക്കും അരക്കെട്ടിനും തോളെല്ലിനും ഗുരുതരപരുക്കേറ്റിട്ടുണ്ട്. വലിയതോതില്‍ രക്തവും നഷ്ടപ്പെട്ടു. ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ നില ഗുരുതരമായതിനെ തുടര്‍ന്ന് ഭോപ്പാലിലേക്ക് മാറ്റി. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് കുട്ടിയിപ്പോള്‍ കഴിയുന്നത്. അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
മലാഖേഡി സ്വദേശിയായ സര്‍ക്കാര്‍ ജീവനക്കാരിയാണ് മകളെ ട്രെയിന് മുന്നിലേക്ക് തള്ളിയിട്ടതെന്ന് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. ഭര്‍ത്താവിന്‍റെ മരണശേഷം യുവതി മകളുമായാണ് കഴിഞ്ഞിരുന്നത്. ഭര്‍ത്താവിന്‍റെ ജോലിയാണ് യുവതിക്ക് ആശ്രിതനിയമനമായി ലഭിച്ചതെന്നും പൊലീസ് പറയുന്നു. ചൊവ്വാഴ്ച രാത്രി 7.40ഓടെ തമിഴ്നാട് എക്സ്പ്രസ് ഒന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തി. ഉടനടി യുവതി മകളെ പിടിച്ച് തള്ളിയിടുകയായിരുന്നു. എന്‍ജിന് മുന്നിലേക്ക് വീണ പെണ്‍കുട്ടി തെറിച്ച് പ്ലാറ്റ്ഫോമിനും ട്രാക്കിനും ഇടയില്‍ കുടുങ്ങുകയായിരുന്നു. ട്രെയിന്‍ പോകുന്നത് വരെ കുട്ടി കുടുങ്ങിക്കിടന്നു.
ട്രെയിന്‍ പോയതിന് പിന്നാലെ റെയില്‍വേ പൊലീസും യാത്രക്കാരും ചേര്‍ന്ന് കുട്ടിയെ പുറത്തെടുക്കുകയും ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. തന്‍റെ മകളെ രക്ഷിക്കരുതെന്നും അവള്‍ മരിക്കട്ടെ എന്നുമാണ് ഓടിക്കൂടിയവരോട് യുവതി പറഞ്ഞത്.
സംഭവത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. മാനസികാസ്വാസ്ഥ്യത്തിന് യുവതി ചികില്‍സയില്‍ ആയിരുന്നുവെന്നാണ് പ്രാഥമിക വിവരം. യുവതിയുടെ കുടുംബാംഗങ്ങളെയും പൊലീസ് വിവരമറിയിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.