തിരുവനന്തപുരത്ത് വന്‍ കഞ്ചാവ് വേട്ട. കാറില്‍ കടത്തിയ 300 കിലോയിലേറെ കഞ്ചാവാണ് പൊലീസിലെ ഡാന്‍സാഫ് സംഘം പിടികൂടിയത്. ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് വില്‍പ്പനക്കെത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിക്കുമെന്ന് കമ്മീഷണര്‍ കെ.കാര്‍ത്തിക് പറഞ്ഞു

 

സമീപകാലത്ത് തലസ്ഥാന നഗരം കണ്ട ഏറ്റവും വലിയ കഞ്ചാവ് വേട്ട. പാക്കറ്റുകളായി പൊതിഞ്ഞ് കാറിന്‍റെ ഡിക്കിയിലും സീറ്റിനടിയിലുമെല്ലാം ഒളിപ്പിച്ച കഞ്ചാവ്. 88 പാക്കറ്റുകള്‍ പ്രാഥമികമായി തൂക്കി നോക്കിയപ്പോള്‍ തന്നെ 320 കിലോയിലേറെ ഉറപ്പിച്ച് കഴിഞ്ഞു. ഇത്രയും കഞ്ചാവുമായി വന്ന് പിടിയിലായത് തിരുവനന്തപുരം കരകുളം സ്വദേശി അഫ്സല്‍. പക്ഷെ അഫ്സല്‍ വലിയ കഞ്ചാവ് മാഫിയാ സംഘത്തിന്‍റെ ചെറിയ കണ്ണി മാത്രമാണെന്നാണ് പൊലീസ് കരുതുന്നത്. ആന്ധ്രയിലടക്കം വ്യാപിച്ച് കിടക്കുന്ന സംഘത്തിന്‍റേതാണ് ഈ വന്‍ കഞ്ചാവ് ശേഖരമെന്നും കരുതുന്നു.

 

ദിവസങ്ങളായി തിരുവനന്തപുരം സിറ്റി ഡാന്‍സാഫ് സംഘം നടത്തിയ നിരീക്ഷണത്തിന് ഒടുവിലാണ് വന്‍ കഞ്ചാവ് വേട്ടക്ക് കളമൊരുങ്ങിയത്. കഞ്ചാവുമായി വന്ന കാര്‍ ഇന്നലെ വൈകിട്ട് മുതല്‍ പാപ്പനംകോട് റോഡരുകില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. പഞ്ചറാണെന്നാണ് പലരും കരുതിയത്. എന്നാല്‍ കഞ്ചാവുമായി വന്ന വാഹനം മറ്റ് ചിലര്‍ക്ക് കൈമാറാനുള്ള തക്കം നോക്കി കിടക്കുകയാണെന്ന് പൊലീസിന് മനസിലായത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ രഹസ്യ നിരീക്ഷണം ഏര്‍പ്പെടുത്തി. ഇന്ന് വൈകിട്ട് അഫ്സല്‍ കാറെടുക്കാന്‍ എത്തിയതോടെ പൊലീസ് പിടികൂടുകയായിരുന്നു

ENGLISH SUMMARY:

A massive ganja seizure has taken place in Thiruvananthapuram. The police’s DANSAF team intercepted a car carrying more than 300 kg of ganja. Initial findings suggest that the consignment was transported from Andhra Pradesh for sale in Kerala. Police Commissioner K. Karthik stated that a special investigation team will be appointed. This is one of the biggest ganja seizures the capital city has witnessed recently. The ganja was hidden in packets inside the car’s trunk and beneath the seats. A preliminary weigh-in confirmed more than 320 kg across 88 packets. Afzal, a resident of Karakulam, Thiruvananthapuram, was arrested with the contraband. However, police believe he is only a small link in a larger drug mafia network. Authorities suspect the ganja stock belongs to a gang operating across Andhra and other regions.