ഇടുക്കി , കോട്ടയം ജില്ലകളിൽ തീവ്രമഴയ്ക്ക് സാധ്യത. ഇരു ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. അടുത്ത മൂന്നു മണിക്കൂറാണ് മുന്നറിയിപ്പ്.
കനത്ത മഴയില്‍ ഇടുക്കി കൊട്ടക്കാമ്പൂരില്‍ ഷെഡിനുമുകളില്‍ മണ്ണിടിഞ്ഞുവീണ് സഹോദരങ്ങള്‍ മരിച്ചു. ഇരുവര്‍ക്കും വൈദ്യുതാഘാതമേറ്റെന്ന് സൂചന. കൊട്ടക്കാമ്പൂർ സ്വദേശിയായ ബാലകൃഷ്ണന്‍, സഹോദരി ചിന്നു എന്നിവരാണ് മരിച്ചത്. ബാലകൃഷ്ണന്‍റെ ഭാര്യ മാരിയമ്മയ്ക്ക് പരുക്കേറ്റു. മഴ പെയ്തപ്പോള്‍ കൃഷി സ്ഥലത്തെ ഷെഡില്‍ കയറിനില്‍ക്കുകയായിരുന്നു. ഷെഡിനുമുകളിലേക്ക് മണ്ണിടിഞ്ഞുവീണാണ് അപകടം.
Also read: ഇടുക്കിയില്‍ കനത്ത മഴ; കൊട്ടക്കാമ്പൂരില്‍ മണ്ണിടിഞ്ഞ് സഹോദരങ്ങള്‍ മരിച്ചു
സംഭവമറിഞ്ഞ് ആദ്യഘട്ടത്തിൽ നാട്ടുകാരും തുടർന്ന് മൂന്നാറിൽ നിന്നെത്തിയ ഫയർഫോഴ്സും ദേവികുളം പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മണ്ണിനടിയിൽ കുടുങ്ങിയവരെ പുറത്തെടുത്ത് വട്ടവടയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. സാധാരണയായി മഴ കുറഞ്ഞ മേഖലയായ വട്ടവടയിൽ മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്ന ശക്തമായ മഴയാണ് അപകടത്തിന് ഇടയാക്കിയത്. ഓഫ് റോഡ് പാതകളും ഫോൺ റേഞ്ച് കുറവുള്ള ഭൂപ്രകൃതിയും രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളി സൃഷ്ടിച്ചു. അപകടസ്ഥലത്തേക്ക് ദേവികുളം സബ് കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർ ഉടന്‍ എത്തിച്ചേരും.
കോട്ടയത്തിന്റെ കിഴക്കൻ മേഖലയിൽ കനത്ത മഴ പെയ്തു. തീക്കോയി , തലനാട് , പൂഞ്ഞാർ , അടിവാരം, വാഗമൺ , മേഖലയിൽ മഴ ശക്തമായതോടെ മീനച്ചിലാറിൽ ജലനിരപ്പുയർന്നു. ചിലയിടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി. തീക്കോയി വാഗമൺ റൂട്ടിൽ കാരികാട് ടോപ്പിൽ മണ്ണിടിഞ്ഞു രണ്ടു കാറുകൾക്ക് മുകളിലേക്ക് വീണു. ആർക്കും പരുക്കില്ല. വാഗമണ്‍–ഈരാറ്റുപേട്ട റോഡില്‍ ഗതാഗതം തടസപ്പെട്ടു.
മലപ്പുറം ചോക്കാട് കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ പുരുഷനും സ്ത്രീയും ഒഴുക്കില്‍പെട്ടു. പുരുഷന്റെ മൃതദേഹം കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല.
സ്ത്രീയ്ക്കായി തിരച്ചില്‍ തുടരുന്നു. പൊട്ടിക്കല്ല് പന്തിക്കല്‍ ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കൊടും ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് പരക്കെ മഴ പെയ്തു. ഇന്ന് ഏഴു ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, , കോട്ടയം , എറണാകുളം, ഇടുക്കി , വയനാട് , കണ്ണൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. വടക്കൻ ആൻഡമാൻ കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലുള്ള ചക്രവാതചുഴി ന്യൂനമർദ്ദമായി മാറി . മറ്റന്നാൾ ബംഗാൾ ഉൾക്കടലിനു മുകളിൽ അതി തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. 24 വരെ സംസ്‌ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റിനെതിരെ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.