താമരശേരി വെളിമണ്ണയിൽ രാത്രി യുവാവിന്റെ പരാക്രമം. നിർത്തിയിട്ടിരുന്ന പിക്കപ്പ് വാൻ എടുത്തു കടന്നു കളഞ്ഞ പ്രതി കാർ ഇടിച്ചു തകർത്തു, വെളിച്ചെണ്ണ മില്ലിനും തീയിട്ടു. വെളിമണ്ണ സ്വദേശി അബ്‌ദുൾ റസാഖ് ആണ് പരാക്രമം നടത്തിയത്. ആക്രമണ ശേഷം വീട്ടിൽ എത്തി പിതാവിനെയും ഇയാൾ മർദിച്ചു. അബ്‌ദുൾ റസാഖിനായി പൊലീസ് തിരച്ചിൽ തുടരുകയാണ്.
താമരശേരി ചുങ്കത്തു നിർത്തിയിട്ടിരുന്ന പിക്കപ്പ് വാൻ എടുത്താണ് അബ്‌ദുൾ റസാഖ് പരാക്രമം കാട്ടിയത്. വെളിമണ്ണയിൽ സ്വന്തം വീടിന് മുന്നിൽ റോഡ് സൈഡിൽ നിർത്തി ഇട്ടിരുന്ന കാർ ആദ്യം ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ താഴ്ചയിലേക്ക് മറിഞ്ഞ കാർ പൂർണമായും തകർന്ന അവസ്ഥയിലാണ്. പിന്നീട് അക്രമാസക്തനായ പ്രതി വെളിമണ്ണ മേലേടത്ത് ജബ്ബാറിന്റെ ഗ്രീൻ പ്ലസ് എന്ന വെളിച്ചെണ്ണ മില്ലിന് തീയിട്ടു. ശബ്ദം കേട്ട് നാട്ടുകാർ ഉണർന്നതിനാൽ തീ ആളി പടരാതെ അണക്കാനായി. വെളിച്ചെണ്ണ മിൽ ഉടമയുടെ മറ്റൊരു സ്ഥാപനത്തിൽ അബ്‌ദുൾ റസാഖ് മുൻപ് ജോലി ചെയ്തിരുന്നു. മില്ലിന് സമീപത്തുണ്ടായിരുന്ന ആംബുലൻസിന്‍റെ ടയറും കത്തി നശിച്ചു. രാത്രി ആയതിനാൽ പരാക്രമം നടത്തിയ യുവാവിനെ തിരിച്ചറിയാനായില്ല.
പിക്കപ്പ് വാനിന്‍റെ ടയർ പഞ്ചർ ആയതോടെ ഓമശേരി മങ്ങാടുള്ള പെട്രോൾ പമ്പിൽ എത്തി മറ്റൊരു പിക്കപ്പ് വാനുമായി ഇയാൾ കടന്നു കളഞ്ഞു. പെട്രോൾ പമ്പിലെ സിസിടിവി ദൃശ്യങ്ങളിൽ ആണ് അബ്‌ദുൾ റസാഖ് ആണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്. പെട്രോൾ പമ്പിൽ നിന്ന് എടുത്ത വാഹനവുമായി ഇയാൾ നേരെ സ്വന്തം വീട്ടിലേക്ക് ആണ് പോയത്. വീടിന് മുന്നിൽ വാഹനം നിർത്താൻ ആകില്ലെന്ന് പറഞ്ഞു തർക്കിച്ച പിതാവിനെയും അബ്‌ദുൾ റസാഖ് മർദിച്ചു. ഇരുട്ടിൽ മർദിച്ച ആളെ പിതാവിനും തിരിച്ചറിയാൻ കഴിഞ്ഞില്ല. പെട്രോൾ പമ്പിലെ cctv യിൽ നിന്നും വീട്ടുകാർ ആണ് റസാഖിനെ തിരിച്ചറിഞ്ഞത്. താമരശേരി കുടുക്കിൽമാരം lpg ഗോഡൗണിന് സമീപം റസാഖിന്റെ മൊബൈൽ ഫോൺ പൊലീസ് കണ്ടെത്തി. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.