പെരിന്തല്‍മണ്ണ ദൃശ്യ കൊലപാതകക്കേസിലെ പ്രതി വിനീഷ്, കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപെട്ടിട്ട് നാളെ ഒരു മാസം. ഇതര സംസ്ഥാനങ്ങളിലടക്കം പൊലീസ് തിരച്ചില്‍ തുടരുന്നുണ്ടെങ്കിലും കണ്ടെത്താനായിട്ടില്ല. സുരക്ഷ ജീവനക്കാരുടെ കുറവാണ് പ്രതി രക്ഷപെടാന്‍ കാരണമെന്ന് കണ്ടെത്തിയിട്ടും ഇതുവരെയും ജീവനക്കാരുടെ എണ്ണം കൂട്ടാന്‍ നടപടിയില്ല
കഴിഞ്ഞമാസം 29നാണ് സെല്ലിലെ ശുചിമുറിയുടെ ചുമര് തുരന്ന് വിനീഷ് രക്ഷപെട്ടത്. സി സി ടി വി ദൃശ്യങ്ങള്‍ പോലും ലഭ്യമല്ലാത്തതിനാല്‍ വിനീഷ് ഏതുവഴിക്കാണ് രക്ഷപെട്ടതെന്നുപോലും മനസിലാക്കാനായിട്ടില്ല. ലുക്ക് ഒൗട്ട് നോട്ടീസ് പുറത്തിറക്കിയതിനെത്തുടര്‍ന്ന് പലരും വിളിക്കുന്നുണ്ടെങ്കിലും ഇതുവരേയും സൂചനയൊന്നും ലഭിച്ചിട്ടില്ല. മെഡിക്കല്‍ കോളജ് എസ് എച്ച് ഒയുടെ നേതൃത്വത്തില്‍ മൂന്ന് ടീമായാണ് ആന്വേഷണം.
ഡല്‍ഹി, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞതവണ രക്ഷപ്പെട്ടപ്പോള്‍ കൂട്ടുകാരുമായി വിനീഷ് ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഇത്തവണ അതുമുണ്ടായില്ല. റിമാന്‍ഡ് പ്രതികളടക്കം 60 പേരാണ് ഫോറന്‍സിക് വാര്‍ഡിലുള്ളത്. ഇത്രയും പേര്‍ക്ക് ഇവിടെ ഒരേ സമയം ഡ്യൂട്ടിയിലുള്ളത് വെറും രണ്ട് പൊലീസുകാര്‍ മാത്രമാണ്. കുറഞ്ഞത് 20 സുരക്ഷ ജീവനക്കാരെങ്കിലും വേണ്ടയിടത്ത് അഞ്ചുപേരെയുള്ളു. ആവശ്യത്തിന് ജീവനക്കാരുണ്ടായിരുന്നെങ്കില്‍ ചുവര് തുരന്ന് രക്ഷപെടാനുള്ള വിനീഷിന്റ ശ്രമം തടയാമായിരുന്നു. അന്തേവാസികളില്‍ വനിതകളുണ്ടെങ്കിലും സുരക്ഷ ജീവനക്കാരില്‍ ഒരു വനിതപോലുമില്ല.
സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതാണ് പ്രതിസന്ധിക്ക് കാരണം. വിനീഷ് ചാടിപ്പോയതിന് പിന്നാലെ ജീവനക്കാരുടെ എ്ണ്ണം കൂട്ടുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെയും നടപ്പായില്ല. മാനസികാരോഗ്യ കേന്ദ്രത്തില്‍ ജോലിക്ക് വരാന്‍ പലരും മടിക്കുന്നതും നിയമനം നീണ്ടുപോകാന്‍ കാരണമാകുന്നുണ്ട്.