വയനാട് പീച്ചംകോട്ടെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ഫാത്തിമയുടെ ആത്മഹത്യയ്ക്ക് കാരണം സ്കൂളില്‍ നിന്നുള്ള മാനസിക പീഡനമെന്ന് കുടുംബം. മാനന്തവാടി ദ്വാരക എ.യു.പി സ്കൂളിലെ അധ്യാപകരുടെ ഭാഗത്തു നിന്നുള്ള വീഴ്ചയെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പിതാവ് ബാലാവകാശ കമ്മിഷനെ സമീപിച്ചു.
സ്കൂള്‍ വിട്ടുവന്ന ഏഴാം ക്ലാസുകാരി ഫാത്തിമ കഴിഞ്ഞ പതിനാറാം തിയതിയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. സ്കൂളില്‍ നിന്ന് വലിയ ഒറ്റപ്പെടുത്തലും മാനസിക പീഡനവും നേരിടുന്ന കാര്യം കുട്ടി തന്നോട്ട് പറഞ്ഞിരുന്നെന്ന് ഉമ്മ ഹസീന പറയുന്നു. സംഭവദിവസം, ക്ലാസില്‍വച്ച് അധ്യാപകര്‍ ഉള്‍പ്പെടെ കുട്ടിയെ പരസ്യമായി ആക്ഷേപിച്ചെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നുമാണ് കുടുംബത്തിന്‍റെ പരാതി.
മരണശേഷം ദ്വാരക എ.യു.പി സ്കൂളിലെ അധ്യാപകരോ മനേജ്മെന്‍റോ കുടുംബത്തെ വിളിക്കാന്‍പോലും തയാറായിട്ടില്ല. കുട്ടിയെ മാനസികമായി പീഡിപ്പിച്ചതില്‍ അധ്യാപകരുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് ബാലാവകാശ കമ്മിഷനും മുഖ്യമന്ത്രിക്കും പരാതി നല്‍കി. കുട്ടിക്ക് നേരത്തെയും, ആത്മഹത്യാ പ്രവണതയുണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ പൊലീസ് ശ്രമം നടത്തുന്നതായും ആക്ഷേപമുണ്ട്. അതേസമയം, കേസില്‍ എല്ലാവശവും അന്വേഷിക്കുമെന്നാണ് മാനന്തവാടി പൊലീസിന്‍റെ വിശദീകരണം. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും മൊഴി എടുത്തുവരുകയാണെന്നും പൊലീസ് പറയുന്നു.