ലാഭവിഹിതം വാഗ്ദാനം ചെയ്ത് 35 ലക്ഷം തട്ടിച്ചെന്ന പരാതിയിൽ മെന്റലിസ്റ്റ് ആദിക്കെതിരെ കേസെടുത്തു. കൊച്ചി സ്വദേശി ബെന്നി വാഴപ്പിള്ളിയുടെ പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. ഇൻസോംനിയ എന്ന പ്രോഗ്രാമിൽ പണം നിക്ഷേപിച്ചാൽ നിക്ഷേപ തുകയ്ക്ക് പുറമേ മൂന്നിലൊന്ന് ലാഭവിഹിതം പ്രതികൾ വാഗ്ദാനം ചെയ്തുവെന്നാണ് പരാതിയിലുള്ളത്. എന്നാൽ പിന്നീട് നിക്ഷേപത്തുകയോ ലാഭവിഹിതമോ നൽകിയില്ല. ഇതേ തുടർന്നാണ് പരാതിക്കാരൻ പൊലീസിനെ സമീപിച്ചത്.
ആദിക്ക് പുറമേ സംവിധായകൻ ജിസ് ജോയ്, പരിപാടിയുടെ കോ-പ്രൊഡ്യൂസർമാരായ മിഥുൻ, അരുൺ എന്നിവരാണ് കേസിലെ പ്രതികൾ. കേസുമായി ബന്ധമില്ലെന്ന് സംവിധായകൻ ജിസ് ജോയ് മനോരമ ന്യൂസിനോട് പറഞ്ഞു. കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.