രണ്ടാഴ്ച മുമ്പ് ഗുരുവായൂര്‍ മേഖലയില്‍ വ്യാപകമായി കള്ളന്‍കയറി. വീടുകള്‍, മരുന്നുകടകള്‍ തുടങ്ങി പല സ്ഥലത്തും കള്ളനെത്തി. സിസിടിവി കാമറകളുള്ള മൂന്നിടത്തും ദൃശ്യങ്ങള്‍ സൂക്ഷിക്കുന്ന ഹാര്‍ഡ് ഡിസ്ക്കുള്ള ഡി.വി.ആര്‍. കള്ളന്‍ കൊണ്ടുപോയി. ഗൂഗിള്‍ ഡ്രൈവിലും വിഷ്വല്‍ സൂക്ഷിച്ചിരുന്നില്ല. മോഷണം നടന്നതിനു സമീപത്തെ പല സിസിടിവി കാമറകളും പരിശോധിച്ചു. മുഖംമൂടി ധരിച്ച്, ബാഗ് തോളിലുള്ള ഒരാള്‍ നടന്നു പോകുന്നുണ്ട്. മുഖമില്ല. തിരിച്ചറിയാനും കഴിയുന്നില്ല. ബസുകളില്‍ മാറിക്കയറി പൊലീസിനെ തോല്‍പിച്ചു. രണ്ടാഴ്ചയായിട്ടും കള്ളനെ പിടിക്കാതെ വന്നതോടെ സിറ്റി പൊലീസ് കമ്മിഷണര്‍ നകുല്‍ രാജേന്ദ്ര ദേശ് മുഖ് ഒരു കാര്യം ഉറപ്പിച്ചു. പരമ്പരാഗത അന്വേഷണത്തിലേയ്ക്കു മടങ്ങണം. ഗുരുവായൂര്‍ എ.സി.പി.: പ്രേമാനന്ദകൃഷ്ണനും ഗുരുവായൂര്‍ ഇന്‍സ്പെക്ടര്‍ സതീഷും സബ് ഇന്‍സ്പെക്ടറും യു.മഹേഷും ചേര്‍ന്ന് പ്രത്യേക സംഘം ഉണ്ടാക്കി.
ലോഡ്ജ് റജിസ്റ്റര്‍
സി.സി.ടി.വി കാമറകള്‍ സഹായിച്ചില്ല. മൊബൈല്‍ ഫോണ്‍ ടവറിനു കീഴിലെ ഡംബ് കോളുകള്‍ സഹായിച്ചില്ല. പിന്നെ, പൊലീസ് ചെയ്തതാകട്ടെ ഗുരുവായൂരിലെ സകല ലോഡ്ജുകളിലും കയറി. കൊട്ടാരക്കര സ്വദേശിയായ റഫീഖിന്‍റെ വിലാസം കണ്ടു. നല്‍കിയ നമ്പര്‍ സൈബര്‍ സെല്ലില്‍ പരിശോധിച്ചപ്പോള്‍ പഴയ കള്ളന്‍ കൊട്ടാരക്കര സതീശന്‍റേതാണെന്ന് കണ്ടെത്തി. ഫോണ്‍ ഇടയ്ക്കിടെ ഓണാകുന്നുണ്ട്. ആലത്തൂര്‍, ഒറ്റപ്പാലം മേഖലയിലാണ് കറക്കം. ഇതിനിടെ, ആലത്തൂരിലും ഒറ്റപ്പാലത്തും കവര്‍ച്ചകള്‍. പൊലീസ് ഉറപ്പിച്ചു കള്ളന്‍ സതീശ് തന്നെ. ടവര്‍ ലൊക്കേഷന്‍ നിരീക്ഷിക്കുന്നതിനിടെ പിറ്റേന്ന് കള്ളന്‍ പുതുക്കാട് ഭാഗത്ത് വന്നിരിക്കുന്നു. വ്യാപകമായ തിരച്ചില്‍ നടത്തി. കള്ളനെ കിട്ടിയത് സ്വകാര്യ ബസില്‍ നിന്ന്. കയ്യോടെ പിടികൂടി ചോദ്യംചെയ്തു.
ജയില്‍ ബ്രദേഴ്സ്
കൊട്ടാരക്കര ജയിലില്‍ സതീഷ് കഴിയുമ്പോഴായിരുന്നു ഗുരുവായൂരിലെ പിടിച്ചുപറിക്കാരായ ശ്രീക്കുട്ടനേയും അനിലിനേയും പരിചയപ്പെടുന്നത്. മാല പൊട്ടിക്കലായിരുന്നു ശ്രീക്കുട്ടനും അനിലിനും പണി. അങ്ങനെയാണ് റിമാന്‍ഡിലായത്. ആളില്ലാത്ത വീടുകള്‍ കൊള്ളയടിക്കുന്നതില്‍ വിദഗ്ധനാണ് സതീഷ്. മൂവരും ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ഒന്നിച്ചു കക്കാന്‍ തീരുമാനിച്ചു. ഗുരുവായൂര്‍ മേഖലയില്‍ ആളില്ലാത്ത വീടുകള്‍ കണ്ടെത്തി സ്കെച്ച് തയാറാക്കലാണ് ശ്രീക്കുട്ടന്‍റേയും അനിലിന്‍റേയും പണി. അവസാന ബസില്‍ സതീഷ് വന്നിറങ്ങും. ആളില്ലാത്ത വീടിന്‍റെ പരിസരത്ത് ഒളിച്ചിരിക്കും. പുലര്‍ച്ചെ ഒരു മണിക്ക് പണി തുടങ്ങും. വീട്ടുവളപ്പിലെതന്നെ കമ്പിപ്പാര ഉപയോഗിച്ച് വാതില്‍ തുറക്കും. പണമോ സ്വര്‍ണമോ കിട്ടിയാല്‍ വേഗം മടങ്ങും. പക്ഷേ, അടുക്കളയില്‍ കയറി സതീഷിന് ഒരു ഓംലെറ്റ് മസ്റ്റാണ്.
ഇനിയും കക്കും
ജയിലിലായ മൂവരും ഇനിയും കക്കാനിറങ്ങും. കേസിന്‍റെ ചെലവിന് പണം വേണം. ജീവിക്കാന്‍ കാശ് വേണം. മോഷണമല്ലാതെ മറ്റൊരു പണിയും ഇവര്‍ക്ക് താല്‍പര്യമില്ല. പൊലീസ് സ്റ്റേഷനും കോടതിയും ജയിലും കയറിയിറങ്ങി അതെല്ലാം ജീവിതത്തിന്‍റെ ഭാഗമാക്കിയ കള്ളന്‍മാര്‍. ജയിലില്‍ പോയാല്‍ കളവിന്‍റെ ശൃംഖല വീണ്ടും വിപുലമാകും. പുതിയ ഇടങ്ങള്‍. പുതിയ കളവുകള്‍. ഇതൊരു റിലേയായി തുടരുമെന്ന് ഉറപ്പാണ് പൊലീസിന്. ഒട്ടേറെ തവണ മോഷണക്കുറ്റത്തിന് പിടിക്കപ്പെട്ട ഇവരെ ഇനിയെന്ത് ചെയ്യും. പൊലീസ് ഉദ്യോഗസ്ഥരുടേയും നാട്ടുകാരുടേയും മനസില്‍ ഉയരുന്ന ചോദ്യമിതാണ് !.