ഇടുക്കി മൂന്നാർ പള്ളിവാസൽ സംഘർഷത്തിൽ വിനോദസഞ്ചാരികൾക്കെതിരെ കേസെടുത്ത് പൊലീസ്. കണ്ടാലറിയാവുന്ന 20 പേർക്ക് എതിരെയാണ് കേസ്. സഞ്ചാരികൾ ജീപ്പ് ഡ്രൈവറെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കേസെടുക്കാൻ തീരുമാനിച്ചത്
കഴിഞ്ഞ ഞായറാഴ്ചയാണ് പള്ളിവാസൽ രണ്ടാംമൈലിൽ കരുനാഗപ്പളിയിൽ നിന്നെത്തിയ വിനോദസഞ്ചാരികളും നാട്ടുകാരും ഏറ്റുമുട്ടിയത്. സഞ്ചാരികൾ പകർത്തിയ മൊബൈൽ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ നാട്ടുകാരായ 20 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പിന്നീട് സഞ്ചാരികൾ ഡ്രൈവറെ മർദ്ദിക്കുന്ന സി സി ടി വി ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സഞ്ചാരികൾക്കെതിരെ കേസെടുത്തത്. മർദ്ദനമേറ്റ ഡ്രൈവർ ആനന്ദിന്റെ മൊഴി പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തി. അനുവാദമില്ലാതെ യുവാക്കൾ ജീപ്പിന്റെ ബോണറ്റിൽ കയറിയിരുന്നത് ആനന്ദ് ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതരായ യുവാക്കൾ ആനന്ദിനെ മർദ്ദിച്ചു. പിന്നീട് നാട്ടുകാർ ഇടപെട്ടതോടെ ഇരു വിഭാഗവും തമ്മിൽ സംഘർഷമുണ്ടായി. വിവരമറിഞ്ഞെത്തിയ മൂന്നാർ സി ഐ ജീപ്പ് ഡ്രൈവറെ ചവിട്ടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. എന്നാൽ ഇത് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച ദൃശ്യങ്ങൾ ആണെന്നാണ് പൊലീസിന്റെ വിശദീകരണം. കേസെടുത്ത യുവാക്കളെ വരും ദിവസങ്ങളിൽ ചോദ്യംചെയ്യാനാണ് പൊലീസിന്റെ നീക്കം