ആലപ്പുഴ ജില്ലാ കോടതിയിലേക്ക് വിളിച്ച് മുഖ്യമന്ത്രിക്ക് വധഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. ആലപ്പുഴ കൊറ്റംകുളങ്ങര സ്വദേശി ജയരാജ് രാജു ആണ് പിടിയിലായത്. മദ്യലഹരിയിൽ ജില്ലാക്കോടതിയിലെ ശിരസ്‌തദാർ ഓഫീസിലേക്ക് വിളിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയനേയും മറ്റ് രണ്ടുപേരെയും കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയത്. തുടര്‍ന്ന് ജില്ലാ ജഡ്‌ജിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
ഇന്നലെയാണ് യുവാവ് ജില്ലാ കോടതിയിലേക്ക് വിളിച്ച് ഭീഷണി മുഴക്കുന്നത്. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് പിന്നാലെ ഇന്ന് വൈകിട്ടാണ് പ്രതിയെ പിടികൂടിയത്. മറ്റ് എന്തെങ്കിലും തരത്തിലുള്ള ലക്ഷ്യങ്ങൾ ഫോണ്‍ കോളിന് പിന്നില്‍ ഉണ്ടായിരുന്നില്ലെന്നും പ്രതി മദ്യ ലഹരിയില്‍ തന്നെയാണ് വിളിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. പ്രതിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടുണ്ട്. ആലപ്പുഴ നോര്‍ത്ത് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.