കൊച്ചി കളമശേരിയിലെ ജ്വലറി മോഷണത്തിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ജീവനക്കാരിയുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചാണ് മോഷണം നടത്തിയത്. സ്വർണ്ണമെന്ന് കരുതി പ്രതികൾ മോഷ്ടിച്ചത് ഡിസ്പ്ലേയിൽ വെച്ച 8000 രൂപ മാത്രം വിലയുള്ള മാലയായിരുന്നു.
ആക്ഷൻ ക്ലൈമാക്സ്, ട്രാജഡിയായ ആന്റി ക്ലൈമാക്സ്, കോമഡിയായ ടെയിൽ എൻ്റ്. കൊച്ചി കളമശ്ശേരിയിലെ ജ്വല്ലറി മോഷണത്തെ ലളിതമായി ഇങ്ങനെ പറയാം. തിങ്കളാഴ്ച്ച പ്രതികൾ മാല മോഷ്ടിച്ചത് ജീവനക്കാരിയുടെ സാന്നിധ്യത്തിലാണ്.
ജ്വല്ലറിക്കുള്ളിലേക്ക് അതിക്രമിച്ചു കടന്ന് ഹെൽമറ്റ് ധരിച്ച പ്രതികളിൽ ഒരാൾ ജീവനക്കാരിയുടെ മുഖത്തേക്ക് പെപ്പർ സ്പ്രേ അടിച്ചു. തുടർന്ന് ജീവനക്കാരിയുടെ എതിർപ്പ് വകവയ്ക്കാതെ ലക്ഷങ്ങൾ വിലയുണ്ടെന്ന് കരുതിയ മാല കവർന്നു
ഇനിയാണ് ട്രാജഡിയായ ആന്റി ക്ലൈമാക്സ്. കവർച്ചയ്ക്ക് പോകാനായി മോഷ്ടിച്ച് കൊണ്ടുവന്ന സ്കൂട്ടർ പോകുന്ന വഴിയിൽ അപകടത്തിൽപ്പെട്ടു. ഇതോടെ പ്രതികളിൽ ഒരാളായ തോമസിനെ പൊലീസ് പിടികൂടി. തൊട്ടടുത്ത ദിവസം ഇയാളുടെ സഹോദരൻ മാത്യുവും പിടിയിലായി.
നിലമ്പൂരുകാരായ രണ്ട് പേരും അവിടെ മോഷണക്കേസുകളിൽ പ്രതികളാണ്. ഇതോടെയാണ് ഇവർ കൊച്ചിയിലേക്ക് കളം മാറ്റിയത്. ഇനിയാണ് കോമഡിയായ ടെയിൽ എൻ്റ്. ലക്ഷങ്ങളുടെ മുതലെന്ന് കരുതി പ്രതികൾ മോഷ്ടിച്ച മാലയുടെ യഥാർഥ വില വെറും 8000 രൂപ.