പാലക്കാട് കല്ലേക്കാടിൽ വിദ്യാർഥിനിയെ സ്കൂൾ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. വ്യാസ വിദ്യാപീഠം സ്കൂൾ പ്ലസ് വൺ വിദ്യാർഥിനി രുദ്രാ രാജേഷാണ് മരിച്ചത്. സീനിയർ വിദ്യാർഥിനികളുടെ റാഗിനെ തുടർന്നാണ് മരണമെന്ന് ആരോപിച്ച് പിതാവും നിഷേധിച്ച് സ്കൂൾ അധികൃതരും രംഗത്തെത്തി.
ഇന്നലെ വൈകീട്ടാണ് വിദ്യാർഥിനിയെ ഹോസ്റ്റൽ റൂമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ഉടൻ ആശുപത്രിയിലേക്ക് മാറ്റി. സ്കൂളിലെ സീനിയർ വിദ്യാർഥികൾ രുദ്രയെ മർദിക്കാറുണ്ടെന്നും സഹിക്കാനാവാതെ ജീവനൊടുക്കുകയായിരുന്നുവെന്നുമാണ് പിതാവിന്‍റെ ആരോപണം.
സീനിയർ വിദ്യാർഥികളിൽ നിന്നുള്ള പീഡനത്തെ പറ്റി കുട്ടി പറഞ്ഞിരുന്നതായി ബന്ധുക്കളും പറഞ്ഞു. ആരോപണം സ്കൂൾ അധികൃതർ തള്ളി. റാഗിങ്ങിനെ പറ്റി ഒരു പരാതിയും ലഭിച്ചിരുന്നില്ലെന്നും മരണത്തിന് കാരണം കുടുംബപ്രശ്നമാകാമെന്നും അധികൃതർ പറഞ്ഞു. സംഭവത്തിൽ പാലക്കാട് നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. മാതാപിതാക്കളുടെയും സ്കൂൾ അധികൃതരുടെയും മൊഴിയെടുത്തു.