ലൈംഗിക ആരോപണത്തെ തുടര്‍ന്ന് കോഴിക്കോട്ട്  ദീപക് ആത്മഹത്യ ചെയ്ത കേസില്‍ ആരോപണം ഉന്നയിച്ച ഷിംജിത  മുസ്തഫ അറസ്റ്റിൽ. വടകരയിലെ ബന്ധു വീട്ടിൽ നിന്നാണ് ഷിംജിതയെ മെഡിക്കൽ കോളജ് പൊലീസ് അതി നാടകീയമായി അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. 

കോഴിക്കോട് ജില്ല കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച് ഇരിക്കുമ്പോഴാണ് ഷിംജിതയെ വടകരയിലെ ബന്ധു വീട്ടിൽ നിന്ന് മഫ്തിയിൽ എത്തിയ മെഡിക്കൽ കോളജ് പൊലീസ്  സംഘം അറസ്റ്റു ചെയ്തത്. പൊലീസ് ജീപ്പ് ഒഴിവാക്കി മെഡിക്കൽ കോളജ് എസ് ഐ വി. ആർ. അരുണിന്റെ കാറിൽ വടകരയിൽ നിന്ന് ഷിംജിതയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന പൂർത്തിയാക്കി.

അവിടെ നിന്ന് കുന്ദമംഗലം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്ത ശേഷം ഷിംജിതയെ മഞ്ചേരി ജയിലിലേക്ക് കൊണ്ടു പോയി. ഷിംജിതയ്ക്ക് അർഹിച്ച ശിക്ഷ നൽകണമെന്ന് ദീപക്കിന്റെ കുടുംബം പ്രതികരിച്ചു. കൊയിലാണ്ടിയിൽ നിന്ന് ഷിംജിതയെ മെഡിക്കൽ കോളജ് സ്റ്റേഷനിൽ എത്തിക്കുമെന്ന് കരുതി സ്റ്റേഷനിൽ വൻ ജനകൂട്ടമായിരുന്നു. അറസ്റ്റിലെ നാടകീയ അടക്കം ചൂണ്ടിക്കാട്ടി ഷിംജിതയെ രക്ഷപ്പെടുത്താൻ പൊലീസ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സ്റ്റേഷന് മുന്നിൽ ബി.ജെ.പി പ്രതിഷേധം ഷിംജിത സാമൂഹക മാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയുടെ എഡിറ്റിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷണം തുടങ്ങി. കേസിൽ ഐ ടി ആക്ട് കൂടി ചേർക്കാനാണ് സാധ്യത.

ENGLISH SUMMARY:

Shimjitha Musthafa arrest occurred in connection with the Kozhikode suicide case following allegations of sexual harassment. The accused was arrested and remanded to judicial custody, with police investigating possible IT Act violations.