തിരുവനന്തപുരം പേയാടില്‍ മാലിന്യം തള്ളാൻ എത്തിയെന്ന് കരുതി നാട്ടുകാർ തടഞ്ഞ വാഹനത്തിൽ 20 കിലോ ഹൈബ്രിഡ് കഞ്ചാവ്. വാഹനത്തിൽ നിന്ന് ഇറങ്ങിയൊടിയ പ്രതികളെ നാട്ടുകാർ പിടികൂടി എക്സൈസിൽ ഏൽപ്പിച്ചു. മണക്കാട് സ്വദേശി രോഷൻ, പൂജപ്പുര സ്വദേശി വിശ്വലാൽ എന്നിവരാണ് പിടിയിലായത്.
പേയാട് ചെറുകോട് മുക്കംപാലമൂട് കാട്ടുവിള റോഡില്‍ രാത്രിയിൽ വാഹനങ്ങളിൽ വന്ന് മാലിന്യം തള്ളുന്നത് പതിവാണ്. ഇത്തരക്കാരെ പിടികൂടാൻ സംഘടിച്ച് ഒളിച്ചുനിന്ന നാട്ടുകാർക്ക് മുൻപിലാണ് രാത്രി ഒൻപത് മണിക്ക് ശേഷം സ്കോർപിയോ വാഹനം വന്നുനിന്നത്. മാലിന്യം തള്ളാൻ വന്ന വാഹനം എന്ന് കരുതി നാട്ടുകാർ ഓടി അടുത്തതോടെ വാഹനത്തിനുള്ളിൽ ഉണ്ടായിരുന്ന രണ്ടു പേരും രക്ഷപെടാൻ ശ്രമിച്ചു. ഇവരെ നാടുകാർ ഓടിച്ചിട്ട് പിടികൂടി. വാഹനത്തിനുള്ളിൽ ആറു പായ്ക്കറ്റുകളിലായി കരുതിയിരുന്നത് കഞ്ചാവാണെന്ന് കണ്ടെത്തിയതോടെ എക്സൈസിനെയും പൊലീസിനെയും വിവരം അറിയിച്ചു. കിലോയ്ക്ക് മൂന്ന് ലക്ഷം രൂപ വിലയുള്ള 20 കിലോ ഹൈബ്രിഡ് കഞ്ചാവാണ് പൊതികളിൽ ഉണ്ടായിരുന്നതെന്ന് എക്സൈസ് പരിശോധനയിൽ കണ്ടെത്തി.
നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതികളെ എക്സൈസ് അറസ്റ്റു ചെയ്തു. മാലിന്യമെന്ന് കരുതി തടഞ്ഞ വാഹനത്തില്‍ കഞ്ചാവ് കണ്ടെത്തി പ്രതികളെ നിയമത്തിന് മുന്നിലെത്തിച്ചതിൽ നാട്ടുകാർക്ക് സന്തോഷം ഉണ്ടെങ്കിലും, മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാൻ ഉള്ള ജാഗ്രത തുടരും.