പാലക്കാട് വഴിയരികിൽ ഉപേക്ഷിച്ച സിറിഞ്ചിലെ സൂചി കുത്തിക്കയറി 13 വയസുകാരന് ഗുരുതര പരുക്ക്. മേപ്പറമ്പ് ജംഗ്ഷനിൽ വെച്ച് 18 ന് രാത്രിയിലാണ് സംഭവം. പിന്നിൽ ലഹരി സംഘമെന്നാണ് സംശയത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.
മാതാപിതാക്കൾക്കൊപ്പം നടന്നു പോകുന്നതിനിടെയാണ് 13 വയസുകാരന്റെ കാലിൽ എന്തോ കുത്തികയറിയത്. പരിശോധിച്ചപ്പോൾ കണ്ടത് ഉപയോഗിച്ച് ഉപേക്ഷിക്കപ്പെട്ട നൂറു കണക്കിന് സിറിഞ്ചുകളും സൂചികളും. കാലിനു ഗുരുതര പരുക്കേറ്റ കുട്ടിയെ ഉടൻ പാലക്കാട് ജില്ലാ ആശുപത്രിയിലേക്കും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. എച്ച്. ഐ.വി. അടക്കമുള്ള ടെസ്റ്റുകൾ പൂർത്തിയാക്കി കുട്ടി നിലവിൽ നിരീക്ഷണത്തിലാണ്
വലിയ തിരക്കുള്ള വഴിയോരത്ത് സിറിഞ്ചുകൾ എങ്ങനെയെത്തി എന്നതിൽ പൊലീസും ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചു. ലഹരി സംഘം ഉപേക്ഷിച്ച സിറിഞ്ചുകളാകാം എന്നാണ് സംശയം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും ആശുപത്രി, ക്ലിനിക്കുകൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ഊർജിതമാക്കി.