TOPICS COVERED

കണ്ണൂര്‍ തയ്യിലില്‍ കാമുകനൊപ്പം ജീവിക്കാന്‍ ഒന്നര വയസുകാരനെ കടലിലെറിഞ്ഞ് കൊന്ന കേസില്‍ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി. കൊലപാതകക്കുറ്റം തെളിഞ്ഞു. രണ്ടാംപ്രതിയായ സുഹൃത്ത് നിധിനെ വെറുതെവിട്ടു

2020 ഫെബ്രുവരി 17നാണ് ശരണ്യ, മകൻ തയ്യിൽ കൊടുവള്ളി ഹൗസിൽ വിയാനെ (ഒന്നര) തയ്യിൽ കടൽത്തീരത്തെ പാറയിൽ എറിഞ്ഞു കൊലപ്പെടുത്തിയത്. കണ്ണൂര്‍ തയ്യില്‍ കടപ്പുറത്താണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ കാണാതായതോടെ അച്ഛൻ പ്രണവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിനൊടുവില്‍ കുഞ്ഞിന്റെ അമ്മയായ ശരണ്യയുടെ വീട്ടില്‍ നിന്നും 50 മീറ്റര്‍ അകലെയുള്ള കടല്‍ ഭിത്തിയില്‍ മൃതദേഹം കണ്ടെത്തി

സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ പ്രണവിനെതിരെ ശരണ്യയുടെ ബന്ധു പൊലീസില്‍ പരാതി നല്‍കി. ശരണ്യക്കെതിരെ പ്രണവും പൊലീസിനെ സമീപിച്ചു. ഇതോടെ ഇരുവരേയും കസ്റ്റഡിയിലെടുത്ത പൊലീസ് ചോദ്യം ചെയ്യലിനൊടുവിലാണ് ശരണ്യയാണ് കൊലയാളിയെന്ന് കണ്ടെത്തിയത്. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് മകനെ കൊന്നതെന്നാണ് ശരണ്യ പറഞ്ഞത്.

തളിപ്പറമ്പ് കോടതിയില്‍ വിചാരണ തുടങ്ങാനിരിക്കെ ശരണ്യ ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനടുത്ത് ഹോട്ടലിൽ മുറിയെടുത്തതിനുശേഷമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിഷം കഴിച്ച നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹോട്ടൽ ജീവനക്കാർ ശരണ്യയെ ആശുപത്രയിൽ എത്തിച്ചത്. ശരണ്യയുടെ കൂടെ ആരുമുണ്ടായിരുന്നില്ല.

ശരണ്യയുടെ വസ്ത്രങ്ങളില്‍ നിന്ന് കടല്‍ വെള്ളത്തിന്റെ സാന്നിധ്യം ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയത് കേസില്‍ വഴിത്തിരിവായിരുന്നു. കിടക്കവിരികളുടേയും, കുട്ടിയുടെ പാല്‍ക്കുപ്പിയുടേയും പരിശോധനഫലങ്ങളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തി. കുഞ്ഞിനെ കാണാതായ സമയത്ത് ശരണ്യയും, പ്രണവും ധരിച്ചിരുന്ന വസ്ത്രങ്ങളുടെ ശാസ്ത്രീയ പരിശോധ ഫലങ്ങളും കേസില്‍ നിര്‍ണായകമായി. 

പുലര്‍ച്ചെ രണ്ടുമണിയോടെ വീടിന് സമീപത്തെ കടല്‍തീരത്ത് എത്തിയ ശരണ്യ മകനെ രണ്ടുതവണ കടലിലേക്ക് എറിഞ്ഞു. ആദ്യം എറിഞ്ഞപ്പോൾ കടല്‍ ഭിത്തിയുടെ ഭാഗമായ പാറക്കെട്ടില്‍ വീണ് പരിക്കേറ്റ് കുഞ്ഞ് കരഞ്ഞു. തുടര്‍ന്ന്, ശരണ്യ താഴേയ്ക്ക് ഇറങ്ങിച്ചെന്ന് കുട്ടിയെ എടുത്ത് ഒന്നുകൂടി കടലിലേയ്ക്കെറിഞ്ഞു. കുഞ്ഞ് മരിച്ചെന്ന് ഉറപ്പു വരുത്തിയാണ് അമ്മ മടങ്ങിയതെന്നും പൊലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. വിയാനെ കൊലപ്പെടുത്താന്‍ കടല്‍ഭിത്തിയിലെത്തിയ ശരണ്യയുടെ െചരിപ്പുകള്‍ പാറകൾക്കിടയിൽ കുടുങ്ങിപ്പോയിരുന്നു. ഇത് പ്രധാന തെളിവായി കുറ്റപത്രത്തില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. 

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302,120 ബി 109 എന്നീ വകുപ്പുകൾ ചേർത്താണ് കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്. വിവാഹശേഷമാണ് ഭര്‍ത്താവിന്റെ സുഹൃത്തായിരുന്ന നിധിനുമായി ശരണ്യ പരിചയത്തിലാകുന്നത്. ഈ പരിചയം പിന്നീട് പ്രണയമായി.വിയാന്റെ കൊലപാതകം ഭര്‍ത്താവിന്റെ തലയില്‍ കെട്ടിവയ്ക്കുന്നതിനും ശരണ്യ ശ്രമം നടത്തി. ഇതിന്റെ ഭാഗമായാണ് കുടുംബകലഹത്തെതുടര്‍ന്ന് മാസങ്ങളായി അകന്നു കഴിഞ്ഞിരുന്ന പ്രണവിനെ സംഭവത്തിന്റെ തലേന്ന് രാത്രി ശരണ്യ തന്നെ നിര്‍ബന്ധിച്ച് വീട്ടില്‍ നിര്‍ത്തിയതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ശരണ്യ അറസ്റ്റിലായി ഒന്‍പത് ദിവസം കഴിഞ്ഞായിരുന്നു കാമുകന്‍ അറസ്റ്റിലായത്

ENGLISH SUMMARY:

Saranya case verdict: The mother has been found guilty in the case of throwing her one-and-a-half-year-old child into the sea to live with her lover. The court has found her guilty of murder.