കണ്ണൂർ തയ്യിലിൽ ഒന്നര വയസുകാരനെ കടലിലെറിഞ്ഞ് കൊലപെടുത്തിയ കേസിൽ കുട്ടിയുടെ അമ്മ കുറ്റക്കാരിയെന്ന് കോടതി വിധി. പ്രതിക്കെതിരെയുള്ള കൊലപാതക കുറ്റം തെളിഞ്ഞു. കേസിലെ രണ്ടാം പ്രതിയും ശരണ്യയുടെ സുഹൃത്തുമായ നിധിനെ കോടതി വെറുതെ വിട്ടു. ബന്ധത്തിന്റെ പേരിൽ നിധിൻ കൊലപാതകത്തിന് നിർബന്ധിച്ചു എന്ന് പറയാൻ കഴിയില്ലെന്ന് കോടതി വിലയിരുത്തി, ഗൂഡാലോചന തെളിയിക്കാൻ കഴിഞ്ഞില്ല. ഫോൺ വിളികളാണ് പ്രധാന തെളിവ്. 

കൊലപാതകം നടക്കുന്നതിന് മുൻപ് ശരണ്യയും നിധിനും നിരന്തരം വിളിച്ചു. കൊലപാതകം നടന്ന ദിവസം രാത്രി 10 മുതൽ രാവിലെ 10 വരെ ഇരുവരും ഫോൺ വിളിച്ചിട്ടില്ല. വസ്ത്രത്തിൽ ഉപ്പ് വെള്ളം പറ്റിയതിനെ കുറിച്ചുള്ള ചോദ്യത്തിന് ശരണ്യയ്ക്ക് മറുപടി പറയാൻ കഴിഞ്ഞില്ല. മുലപ്പാൽ നൽകി മൂന്ന് മണിക്കൂറിനകം ആണ് കൊലപാതകം. അന്വേഷണ ഉദ്യോഗസ്ഥന് കൃത്യമായ തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞില്ലെന്നും കോടതി കുറ്റപ്പെടുത്തി. പ്രോസിക്യൂഷനും വീഴ്ച്ച പറ്റി. പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ എല്ലാം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി വിമര്‍ശിച്ചു. 

2020 ഫെബ്രുവരി 17നാണ് കണ്ണൂർ തയ്യലിൽ ഒന്നര വയസ്സുകാരൻ വിയാനിനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ അമ്മയായ ശരണ്യ സുഹൃത്ത് നിതിനോടൊപ്പം ജീവിക്കാനായി ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തി എന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് തളിപ്പറമ്പ് അഡിഷണൽ സെഷൻസ് കോടതി ഒന്നാം പ്രതിയായ ശരണ്യ കുറ്റക്കാരി എന്ന് വിധിച്ചത്. ഒന്നാം പ്രതിക്കെതിരെയുള്ള കൊലക്കുറ്റം തെളിഞ്ഞു. രണ്ടാം പ്രതിയായ നിതിനെതിരെ ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിരുന്നത്. ശരണ്യയ്ക്കുള്ള ശിക്ഷാവിധി കോടതി ബുധനാഴ്ച പറയും

Also Read: കാമുകനൊപ്പം ജീവിക്കാന്‍ ഒന്നര വയസുകാരനെ കടലിലെറിഞ്ഞ് കൊന്ന കേസ്: അമ്മ കുറ്റക്കാരി


തളിപ്പറമ്പ് കോടതിയില്‍ വിചാരണ തുടങ്ങാനിരിക്കെ ശരണ്യ ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനടുത്ത് ഹോട്ടലിൽ മുറിയെടുത്തതിനുശേഷമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിഷം കഴിച്ച നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹോട്ടൽ ജീവനക്കാർ ശരണ്യയെ ആശുപത്രയിൽ എത്തിച്ചത്. ശരണ്യയുടെ കൂടെ ആരുമുണ്ടായിരുന്നില്ല.

ശരണ്യയുടെ വസ്ത്രങ്ങളില്‍ നിന്ന് കടല്‍ വെള്ളത്തിന്റെ സാന്നിധ്യം ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയത് കേസില്‍ വഴിത്തിരിവായിരുന്നു. കിടക്കവിരികളുടേയും, കുട്ടിയുടെ പാല്‍ക്കുപ്പിയുടേയും പരിശോധനഫലങ്ങളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തി. കുഞ്ഞിനെ കാണാതായ സമയത്ത് ശരണ്യയും, പ്രണവും ധരിച്ചിരുന്ന വസ്ത്രങ്ങളുടെ ശാസ്ത്രീയ പരിശോധ ഫലങ്ങളും കേസില്‍ നിര്‍ണായകമായി. 

പുലര്‍ച്ചെ രണ്ടുമണിയോടെ വീടിന് സമീപത്തെ കടല്‍തീരത്ത് എത്തിയ ശരണ്യ മകനെ രണ്ടുതവണ കടലിലേക്ക് എറിഞ്ഞു. ആദ്യം എറിഞ്ഞപ്പോൾ കടല്‍ ഭിത്തിയുടെ ഭാഗമായ പാറക്കെട്ടില്‍ വീണ് പരിക്കേറ്റ് കുഞ്ഞ് കരഞ്ഞു. തുടര്‍ന്ന്, ശരണ്യ താഴേയ്ക്ക് ഇറങ്ങിച്ചെന്ന് കുട്ടിയെ എടുത്ത് ഒന്നുകൂടി കടലിലേയ്ക്കെറിഞ്ഞു. കുഞ്ഞ് മരിച്ചെന്ന് ഉറപ്പു വരുത്തിയാണ് അമ്മ മടങ്ങിയതെന്നും പൊലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. വിയാനെ കൊലപ്പെടുത്താന്‍ കടല്‍ഭിത്തിയിലെത്തിയ ശരണ്യയുടെ െചരിപ്പുകള്‍ പാറകൾക്കിടയിൽ കുടുങ്ങിപ്പോയിരുന്നു. ഇത് പ്രധാന തെളിവായി കുറ്റപത്രത്തില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. 

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302,120 ബി 109 എന്നീ വകുപ്പുകൾ ചേർത്താണ് കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്. വിവാഹശേഷമാണ് ഭര്‍ത്താവിന്റെ സുഹൃത്തായിരുന്ന നിധിനുമായി ശരണ്യ പരിചയത്തിലാകുന്നത്. ഈ പരിചയം പിന്നീട് പ്രണയമായി.വിയാന്റെ കൊലപാതകം ഭര്‍ത്താവിന്റെ തലയില്‍ കെട്ടിവയ്ക്കുന്നതിനും ശരണ്യ ശ്രമം നടത്തി. ഇതിന്റെ ഭാഗമായാണ് കുടുംബകലഹത്തെതുടര്‍ന്ന് മാസങ്ങളായി അകന്നു കഴിഞ്ഞിരുന്ന പ്രണവിനെ സംഭവത്തിന്റെ തലേന്ന് രാത്രി ശരണ്യ തന്നെ നിര്‍ബന്ധിച്ച് വീട്ടില്‍ നിര്‍ത്തിയതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ശരണ്യ അറസ്റ്റിലായി ഒന്‍പത് ദിവസം കഴിഞ്ഞായിരുന്നു കാമുകന്‍ അറസ്റ്റിലായത്.

ENGLISH SUMMARY:

The Thaliparamba Additional Sessions Court has found Saranya guilty of murdering her 18-month-old son, Viyan, in the 2020 Kannur Thayyil case. The court confirmed that Saranya threw the child into the sea twice to ensure his death so she could live with her paramour, Nidhin. However, the court acquitted the second accused, Nidhin, citing a lack of evidence regarding a criminal conspiracy. Key evidence included forensic reports of seawater on Saranya's clothes and her slippers found wedged between rocks at the crime scene. The court criticized the prosecution and investigation team for failing to collect sufficient evidence to prove all charges against the accused. The quantum of punishment for Saranya will be announced this Wednesday.