എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
ഗോവയില്‍ രണ്ട് റഷ്യന്‍ യുവതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ റഷ്യന്‍ പൗരന്‍ അറസ്റ്റില്‍. 37 വയസ്സുള്ള എലീന കസ്താനോവ, എലീന വനീവ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ റഷ്യയില്‍ നിന്നുതന്നെയുള്ള അലക്‌സി ലിയോനോവ് (37) അറസ്റ്റിലായി.
ജനുവരി 16 വെള്ളിയാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. അരാംബോൾ ഗ്രാമത്തിലെ വാടക വീട്ടിലാണ് എലീന കസ്താനോവയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. മൃതദേഹം കണ്ടെത്തിയ വീട്ടുടമസ്ഥനാണ് വിവരം പൊലീസില്‍ അറിയിക്കുന്നത്. പ്രതി യുവതിയെ ആക്രമിച്ചുവെന്നും കൈകൾ കയറുപയോഗിച്ച് പിന്നിലേക്ക് കെട്ടിയിരുന്നതായും എഫ്‌ഐആറിൽ പറയുന്നുണ്ട്. തുടർന്ന് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. പിന്നാലെ കസ്തനോവയുടെ കൂടെ താമസിച്ചുകൊണ്ടിരുന്ന ലിവിങ് പങ്കാളിയായ അലക്‌സി ലിയോനോവിനായി തിരച്ചില്‍ ആരംഭിച്ചു. അന്നേദിവസം തന്നെ പൊലീസ് പ്രതിയെ പിടികൂടുകയും ചെയ്തു. എന്നാല്‍ പിന്നാലെ ചുരുളഴിഞ്ഞത് മറ്റൊരു കൊലപാതകം കൂടിയായികുന്നു.
രണ്ട് ദിവസം മുന്‍പ്, ജനുവരി 14 ന് താന്‍ മറ്റൊരു യുവതിയെ കൂടി കൊലപ്പെടുത്തിയതായി ചോദ്യം ചെയ്യലില്‍ പ്രതി വെളിപ്പെടുത്തുകയായികുന്നു. മോർജിമില്‍ താമസിക്കുന്ന എലീന വനീവയായിരുന്നു കൊല്ലപ്പെട്ടത്. വനീവയേയും പ്രതി കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. വനീവയെ കൊന്നതിന് ശേഷമാണ് പ്രതി എട്ട് കിലോമീറ്റർ അകലെ താമസിക്കുന്ന ലിവിങ് ഇന്‍ പങ്കാളി കസ്തനോവയെ കാണാൻ പോയത്. ജനുവരി 15ന് രാത്രി 9.15 ന് കസ്തനോവയെയും വകവരുത്തി. അതേസമയം ഇരു കൊലപാതകങ്ങളിലേക്കും നയിച്ചതെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ഡിസംബർ 24 നാണ് ബിസിനസ് വിസയിൽ ലിയോനോവ് ഇന്ത്യയിലെത്തുന്നത്. ഗോവയില്‍ ഒരു ഫയർ ഡിസ്‌പ്ലേ പെർഫോമറായി ജോലി ചെയ്തുവരികയായിരുന്നു. ടൂറിസ്റ്റ് വിസയിൽ ഗോവയിൽ എത്തിയ കസ്താനോവ അടുത്തിടെയാണ് ലിയോനോവിനെ കണ്ടുമുട്ടിയത്. അവർ പരിചയപ്പെടുകയും അരാംബോളിലെ ഒരു വാടക വീട്ടിൽ ഒരുമിച്ച് താമസം ആരംഭിക്കുകയും ചെയ്തു. പ്രാഥമിക ചോദ്യം ചെയ്യലിൽ രണ്ട് സ്ത്രീകളുമായും തനിക്ക് സൗഹൃദം ഉണ്ടായിരുന്നുവെന്ന് ലിയോനോവ് പറഞ്ഞതായി പൊലീസ് പറയുന്നു.
സമാന രീതിയില്‍ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തറുത്താണ് രണ്ടു പേരെയും പ്രതി കൊലപ്പെടുത്തിയത്. സംഭവത്തില്‍ രണ്ട് വ്യത്യസ്ത കൊലപാതക കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.