കണ്ണൂരിൽ പതിനൊന്ന് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ആറ് വർഷം കഠിനതടവും പിഴയും. പെരളം സ്വദേശി രാജേഷിനെയാണ് തളിപ്പറമ്പ് പോക്സോ കോടതി ശിക്ഷിച്ചത്. 2024 ൽ ഉണ്ടായ അതിക്രമത്തിലാണ് അതിവേഗ കോടതിയുടെ വിധി.
പെരളം കൊഴുമ്മൽ മാലാപ്പിലെ 45 വയസ്സുകാരനായ സി. രാജേഷിനെയാണ് തളിപ്പറമ്പ് പോക്സോ കോടതി ശിക്ഷിച്ചത്. പതിനൊന്ന് വയസ്സുകാരനായ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നതാണ് കേസ്. ആറുവർഷം കഠിനതടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. 2024 നവംബർ 6-നാണ് അതിക്രമം ഉണ്ടാവുന്നത്. പ്രതിയുടെ വീടിന്റെ സിറ്റൗട്ടിൽ വെച്ച് കുട്ടിയെ മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിക്കുകയായിരുന്നു. തുടർന്ന് ലൈംഗിക ഉദ്ദേശത്തോടെ കുട്ടിക്ക് നേരെ ഇയാൾ അതിക്രമം നടത്തി. പയ്യന്നൂർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. അതിക്രമം ഉണ്ടായി ഒരു വർഷവും രണ്ടുമാസവും കഴിയുമ്പോഴാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ശിക്ഷ വിധിച്ചത്. അഡീഷണൽ ചുമതലയുള്ള ജഡ്ജി അനിത് ജോസഫാണ് വിധി പ്രസ്താവിച്ചത്.