കുടകില്‍ സ്വന്തം അച്ഛനെ അടിച്ചുകൊന്നശേഷം ബന്ധുക്കളുടെ സഹായത്തോടെ സംസ്കാരം നടത്തിയ യുവാവ് അറസ്റ്റില്‍. സഹോദരനടക്കം കൊലപാതകം ഒളിപ്പിച്ചുവെച്ചതിന് ആറുപേരും പിടിയിലായി. കുടകിലെ കാപ്പിത്തോട്ടത്തിലെ അസം സ്വദേശിയായ തൊഴിലാളിയാണ് മകന്‍റെ കയ്യാല്‍ കൊല്ലപ്പെട്ടത്.
അസം സ്വദേശിയായ ബുറോ മണ്ടിയെന്ന തൊഴിലാളിയെ തിങ്കളാഴ്ചയാണു ഹൊസ്കേരിയിലെ കാപ്പി തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീണുപരുക്കേറ്റു മരിച്ചെന്നായിരുന്നു മകന്‍ പ്രദീപ് അയല്‍വാസികളെയും നാട്ടുകാരെയും അറിയിച്ചത്. തുടര്‍ന്നു ഇതേ തോട്ടത്തിലെ തൊഴിലാളികളായ സഹോദരന്റെയും ബന്ധുക്കളുടെയും സഹായത്തോടെ മടിക്കേരിയില്‍ സംസ്കരിച്ചു. ഇതിനിടയ്ക്കാണു മരണത്തില്‍ ദുരൂഹതയുണ്ടെന്നു നാട്ടുകാര്‍ പൊലീസിനെ അറിയിക്കുന്നത്. ചോദ്യം ചെയ്യയില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ അടിച്ചുകൊന്നതാണന്നു മകന്‍ പ്രദീപ് സമ്മതിച്ചു. തര്‍ക്കത്തിനിട മരക്കഷ്ണം കൊണ്ടു മരിക്കുന്നതുവരെ തലക്കടിക്കുകയായിരുന്നു.
മരണം ഉറപ്പായതോടെ സഹോദരന്‍റെയും ബന്ധുക്കളുടെയും സഹായത്തോടെ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു. ഇതിന്‍റെ ഭാഗമായി ധൃതിപ്പെട്ടു മടിക്കേരിയിലെ ശ്മശാനത്തിലെത്തിച്ചു സംസ്കരിച്ചു. കൊലപാതക വിവരം മറച്ചുവച്ചു സംസ്കാരത്തിനു സഹായം നല്‍കിയ തോട്ടം ഉടമ ദേവയ്യ, പ്രദീപിന്‍റെ സഹോദരന്‍ അടക്കം ആറുപേരും അറസ്റ്റിലായി.