ഇടുക്കി അടിമാലിയിൽ 52 കാരനെ മരിച്ച നിലയിൽ കണ്ടത് കൊലപാതകമെന്ന് സംശയം. തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണം. കരുനാഗപ്പള്ളി സ്വദേശി പാപ്പച്ചനാണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്കാണ് അടിമാലി ബസ്റ്റാന്‍റിനു സമീപം നിർമ്മാണം പുരോഗമിക്കുന്ന കെട്ടിടത്തിൽ പാപ്പച്ചന്‍റെ മൃതദേഹം ജീർണിച്ച നിലയിൽ കണ്ടത്. കെട്ടിടം പണിക്കെത്തിയ തൊഴിലാളികൾ വിവരം അറിയിച്ചതിനെത്തുടർന്ന് അടിമാലി പൊലീസ് നടത്തിയ പരിശോധനയിലാണ് മരിച്ചത് പാപ്പച്ചനാണെന്ന് കണ്ടെത്തിയത്. ഇയാൾ മുമ്പ് അടിമാലിയിലെ സ്വകാര്യ സ്കൂളിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. പിന്നീട് ജോലിയിൽനിന്ന് പറഞ്ഞുവിട്ടെങ്കിലും നാട്ടിലേക്ക് തിരികെ പോയിരുന്നില്ല. ശാസ്ത്രീയ പരിശോധനയിൽ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം ചോരപ്പാടുകൾ കണ്ടതോടെയാണ് മരണം കൊലപാതകമാണോയെന്ന സംശയം ബലപ്പെട്ടത്. വിശദമായ ഫൊറൻസിക്, പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ ലഭിച്ചാൽ മാത്രമേ മരണകാരണത്തിൽ കൂടുതൽ വ്യക്തത വരൂ. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.