മലപ്പുറം വാണിയമ്പലത്ത് നാടികെ നടുക്കിയ കൊലപാതകത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കൈകള്‍ കെട്ടിയ നിലയില്‍. യൂണിഫോമില്‍ ഇന്നലെ സ്കൂളിന് മുന്നിലെത്തിയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. രാവിലെ തന്നെ പെണ്‍കുട്ടിയെ കാണാതായെങ്കിലും വൈകിട്ടോടെയാണ് വിവരം അറിയുന്നതും തിരച്ചില്‍ ആരംഭിക്കുന്നതും.
രാവിലെ സ്കൂളിലേക്ക് ഒരുക്കിവിട്ട മകള്‍; 17 കിലോമീറ്റര്‍ അകലെ മൃതദേഹം; നെഞ്ചുതകര്‍ന്ന് അമ്മ
പെൺകുട്ടി പഠിക്കുന്ന സ്കൂളിൽ നിന്നും 10- 15 കിലോമീറ്റർ അധികം ദൂരമുള്ള വാണിയമ്പലത്തിന് അടുത്തുള്ള പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള കാട് മൂടിയ ഒറ്റപ്പെട്ടപ്രദേശമാണിത്. പെണ്‍കുട്ടിയുടെ മൃതദേഹം കൈകൾ ബന്ധിച്ച നിലയിലായിരുന്നു. കുട്ടിയുടെ ബാഗിലുണ്ടായിരുന്ന വസ്ത്രങ്ങൾ ഉപയോഗിച്ചാണ് കൈകൾ ബന്ധിച്ചതെന്നാണ് സൂചന.
പെണ്‍കുട്ടിയെ നേരത്തെ ശല്യപ്പെടുത്തിയ വിവരമുള്ളതിനാല്‍ 16 കാരനുവേണ്ടിയുള്ള അന്വേഷണം പൊലീസ് ഇന്നലെ വൈകീട്ട് മുതലെ ആരംഭിച്ചിരുന്നു. നാട്ടുകാരും പൊലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെ 16 കാരന്‍ തൊടിയപ്പുലം റെയിൽവേ സ്റ്റേഷന് 300 മീറ്റർ അകലെയുള്ള വീട്ടിലെത്തിയിരുന്നു.
വണ്ടൂരിലെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആളാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ 16കാരന്‍ വീട്ടില്‍ നിന്നും വെള്ളം ചോദിച്ചു. പൊലീസിനെ കണ്ട് ഓടിയതാണെന്നാണ് 16കാരന്‍ വീട്ടുകാരോട് പറഞ്ഞത്. ഫോണില്ലാത്തതിനാല്‍ അമ്മയുടെ നമ്പറില്‍ വിളിച്ച ശേഷം അവരെത്തിയാണ് പറഞ്ഞയച്ചതെന്നാണ് നാട്ടുകാരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ഈ സമയം 16കാരന്‍റെ കയ്യില്‍ ചോരയുണ്ടായിരുന്നു. വീണതാണെന്നാണ് വീട്ടുകാരോട് 16 കാരന്‍ പറഞ്ഞത്.