പാറശാല പൊഴിയൂരിൽ ഗുണ്ടയെ വെട്ടിക്കൊലപ്പെടുത്തി. പാറശാല സ്വദേശിയായ മനോജ് (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ പൊഴിയൂർ സ്വദേശി ശശിധരൻ (45) എന്നയാൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. ഇന്ന് വൈകിട്ടോടെ ഇവർ തമ്മിലുണ്ടായ രൂക്ഷമായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കുളത്തൂരിലെ ഭാര്യ വീട്ടിലായിരുന്നു മനോജ് താമസിച്ചിരുന്നത്. അവിടെ വെച്ചുണ്ടായ തർക്കത്തിനൊടുവിൽ ശശിധരൻ മഴു ഉപയോഗിച്ച് മനോജിനെ വെട്ടുകയായിരുന്നു. വെട്ടേറ്റ മനോജ് ഏകദേശം 50 മീറ്ററോളം ഓടിയെങ്കിലും വഴിയിൽ തളർന്നുവീണു. ഏകദേശം 15 മിനിറ്റോളം വഴിയിൽ രക്തം വാർന്നു കിടന്ന മനോജിനെ പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം നെയ്യാറ്റിങ്കര ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
കൊല്ലപ്പെട്ട മനോജ് നിരവധി ഗുണ്ടാ-മോഷണ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. പ്രതിയായ ശശിധരനും മനോജും തമ്മിൽ നേരത്തെയും തർക്കങ്ങൾ നിലനിന്നിരുന്നു. ഇന്ന് വൈകിട്ട് ഈ തർക്കം വീണ്ടും ഉണ്ടാവുകയും ആക്രമണത്തിലേക്ക് നീങ്ങുകയുമായിരുന്നു. തർക്കത്തിനുള്ള കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രതി ശശിധരനെ കണ്ടെത്താനായി പൊഴിയൂർ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.