മലപ്പുറം പുതുപൊന്നാനിയിൽ വീടിനുള്ളിലെ ശുചിമുറിയിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ യുവാവ് പിടിയിലായി. പൊന്നാനി സ്വദേശി ഹക്കീം ആണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പതിനഞ്ചോളം വരുന്ന വലിയ കഞ്ചാവ് ചെടികൾ കണ്ടെടുത്തത്.
വീടിന്റെ പരിസരത്തും അകത്തും നടത്തിയ വിശദമായ പരിശോധനയിലാണ് ശുചിമുറിക്കുള്ളിൽ ചട്ടികളിൽ വളർത്തിയിരുന്ന ചെടികൾ ശ്രദ്ധയിൽപ്പെട്ടത്. ഏകദേശം നല്ല ഉയരത്തിൽ വളർന്ന നിലയിലായിരുന്നു ഇവ. പുറത്തുനിന്ന് കഞ്ചാവ് എത്തിച്ചു വിൽപ്പന നടത്തിയിരുന്ന ഹക്കീം, സ്വന്തമായി കൃഷി ചെയ്ത് വിൽപ്പന നടത്തുക എന്ന ലക്ഷ്യത്തോടെയാണ് വീടിനുള്ളിൽ ഇത്തരമൊരു സജ്ജീകരണം ഒരുക്കിയത്. മുൻപുണ്ടായ ഒരു അപകടത്തിൽ കാൽപാദം നഷ്ടപ്പെട്ട ആളാണ് ഹക്കീം. ഇതിനുശേഷമാണ് ഇയാൾ കഞ്ചാവ് കച്ചവടത്തിലേക്ക് സജീവമായി തിരിഞ്ഞതെന്നാണ് പൊലീസ് നൽകുന്ന വിവരം.