ഇസ്രയേലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വയനാട് കോളിയാടി സ്വദേശി ജിനേഷിന്‍റെ ഭാര്യ രേഷ്മയുടെ ആത്മഹത്യയില്‍ ബ്ലേഡ് മാഫിയയ്ക്ക് പങ്കെന്ന ആരോപണവുമായി കുടുംബം. ബ്ലേഡ് മാഫിയയുടെ ഭീഷണിയിലും വീടും സ്ഥലവും തട്ടിയെടുക്കാനുള്ള നീക്കത്തിലും മനം നൊന്താണ് ആത്മഹത്യ എന്നാണ് പരാതി.
കെയർഗിവറായിരുന്ന ജിനേഷ് ഇസ്രയേലിൽ വച്ച് ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നത് ആറ് മാസം മുൻപാണ്. കഴിഞ്ഞ ഡിസംബർ 30നാണ് പത്ത് വയസുള്ള മകളെ തനിച്ചാക്കി, ഭാര്യ രേഷ്മ കോളിയാടിയിലെ വീട്ടിൽ വിഷം കഴിച്ച് ജീവനൊടുക്കിയത്. ബീനാച്ചി സ്വദേശികളിൽ നിന്ന് കോവിഡ് കാലത്ത് കടം വാങ്ങിയ 20 ലക്ഷത്തെ ചൊല്ലി ഈ സംഘം നേരത്തെ ജിനേഷിനെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ഇത് വിവിധ ഘട്ടങ്ങളിലായി തിരിച്ച് നൽകിയിട്ടും ജിനേഷിന്‍റെ മരണശേഷം ബ്ലേഡ് മാഫിയ രേഷ്മയെ ഭീഷണിപ്പെടുത്തുന്നത് തുടർന്നു. ജിനേഷ് കൊടുത്ത ബ്ലാങ്ക് ചെക്കുകളും മുദ്രപത്രങ്ങളും ഉപയോഗിച്ച് കോടതി വഴി വീട് അറ്റാച്ച് ചെയ്യാൻ നീക്കം തുടങ്ങിയതിന്‍റെ മനോവിഷമത്തിലാണ് രേഷ്മയുടെ ആത്മഹത്യയെന്ന് കുടുംബം ആരോപിച്ചു
ഭീഷണി ആരോപിച്ച് ജിനേഷും പിന്നീട് ജിനേഷിന്‍റെ മരണശേഷം രേഷ്മയും ബത്തേരി പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് അത് കാര്യമായി എടുത്തില്ലെന്ന് ആക്ഷേപമുണ്ട്. മക്കളുടെ മരണശേഷം വീണ്ടും കുടുംബം പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. കേസെടുക്കാൻ തയാറാകാത്തതിന് പിന്നിൽ ബ്ലേഡ് മാഫിയയുടെ സമ്മർദമെന്നും ആക്ഷേപം ഉയരുകയാണ്