കൊട്ടാരക്കര - കൊല്ലം യാത്രക്കിടെ യുവതിക്ക് കെ.എസ്.ആര്‍.ടി.സി ബസില്‍ ദുരനുഭവം. സമൂഹമാധ്യമങ്ങളില്‍ വിഡിയോ പങ്കുവെച്ചുകൊണ്ട് യുവതി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 40-50നും ഇടയില്‍ പ്രായം തോന്നിക്കുന്ന ഒരു വ്യക്തി മറ്റ് സീറ്റുകള്‍ ഉണ്ടായിട്ടും തന്‍റെ അടുത്ത് വന്ന് ഇരിക്കുകയായിരുന്നെന്നും കൈമുട്ട് ഉപയോഗിച്ച് ശരീരത്തില്‍ തൊടാനും മുട്ടിയുരുമ്മി ഇരിക്കാനും ശ്രമിച്ചെന്നാണ് യുവതി പറയുന്നത്.
മുൻപും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടും തെളിവ് ഇല്ലാത്തതിനാൽ ഒന്നും ചെയ്യാൻ പറ്റിയിരുന്നില്ല. അതുകൊണ്ടാണ് ആദ്യമേ വിഡിയോ എടുത്തെന്നും യുവതി പറയുന്നുണ്ട്. ശല്യം ചെയ്യുന്ന ആളുടെ മുഖം മറച്ചാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. താൻ കാരണം ഒരാളുടെ കുടുംബം തകരണ്ടല്ലോ എന്ന് കരുതിയാണ് മുഖം മറച്ച് വിഡിയോ പോസ്റ്റ് ചെയ്തതെന്നും യുവതി വിശദീകരിക്കുന്നു.
ഇതിനോടകം 5.4 മില്യണ്‍ ആളുകള്‍ കണ്ട വിഡിയോയുടെ കമന്‍റ് ബോക്സിലാകെ യുവതിക്കെതിരെ വലിയ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. വിഡിയോയില്‍ ശരീരത്തില്‍ പിടിക്കുന്നത് കാണുന്നില്ലെന്നും, വൈറല്‍ ആകാനായി മനപൂര്‍വ്വം വിഡിയോ ഇട്ടതാണെന്നും ഇതിനായി അയാള്‍ തൊടണമെന്ന് യുവതി ആഗ്രഹിച്ചിരുന്നെന്നും വരെ കമന്‍റ് ബോക്സില്‍ ആക്ഷേപിക്കുന്നവരുണ്ട്. ആണുങ്ങള്‍ക്കൊപ്പം എന്തിന് ഇരുന്നു എന്നും ആ സമയത്ത് പ്രതികരിക്കാത്തത് വിഡിയോയ്ക്ക് റീച്ചിന് വേണ്ടി ആണെന്നുമൊക്കെയാണ് സൈബര്‍ ആക്രമണം നടത്തുന്നവരുടെ കമന്‍റുകള്‍.
എന്നാല്‍ ഇത്തരക്കാര്‍ക്ക് തെളിവിനായി മറ്റൊരു വിഡിയോ കൂടി തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ യുവതി പങ്കുവെച്ചിട്ടുണ്ട്. സമാന അനുഭവം നേരിട്ട യുവതികളുടെ മെസേജുകളുടെ സ്ക്രീന്‍ഷോര്‍ട്ടും പങ്കുവെച്ചിട്ടുണ്ട്. യുവതി പങ്കുവെച്ച വിഡിയോയിലെ അതേ വ്യക്തിയില്‍ നിന്നാണ് മറ്റ് യുവതികള്‍ക്കും സമാന അനുഭവം ഉണ്ടായത്.
പോസ്റ്റിന്‍റെ പൂര്‍ണരൂപം
കൊട്ടാരക്കര - കൊല്ലം KSRTC ബസില്‍ യാത്ര ചെയ്യുമ്പോൾ എനിക്ക് ഉണ്ടായ മോശം അനുഭവം. ഏകദേശം 40-50 വയസ്സിനിടയിൽ പ്രായമായ ഈ വ്യക്തി മറ്റ് സീറ്റുകൾ ഒഴിഞ്ഞു കിടന്നിട്ടും എന്റെ അടുത്ത് വന്നിരുന്നു.നല്ല സ്പെയ്സ് ഉണ്ടായിട്ടും മുട്ടി ഉരുമി ഇരുന്നപ്പോൾ തന്നെ ഞാൻ ഒതുങ്ങി ഇരിക്കുക ആയിരുന്നു. എന്നിട്ട് വീണ്ടും അയാൾ അറിയാത്ത ഭാവത്തിൽ എന്റെ ദേഹത്തു തൊട്ട് തന്നെ ഇരിക്കാൻ നോക്കുക ആയിരുന്നു.മെലിഞ്ഞ ശരീരം ആയിട്ടും അയാൾ മാക്സിമം എന്നെ ഞെരുക്കി ഇരുത്താൻ നോക്കി. അത്രയും അണ്‍കംഫര്‍ട്ടബിള്‍ ആയപ്പോൾ തെളിവിനു വേണ്ടിയാണ് ഞാൻ വീഡിയോ എടുത്തത്.കണ്ടാൽ വെറും മാന്യൻ ആണ് എന്നാൽ കയ്യിലിരിപ്പ് നല്ലതല്ല. അയാൾ മനപ്പൂർവം ദേഹത്തു കൈവെച്ചത് ആണെന്ന് അവസാനം നോക്കിയാൽ മനസ്സിലാവും.
( മുൻപും ഇത്തരം അനുഭവം ഉണ്ടായിട്ടും തെളിവ് ഇല്ലാത്തതിനാൽ എനിക്ക് ഒന്നും ചെയ്യാൻ പറ്റിയിരുന്നില്ല. അതുകൊണ്ടാണ് ആദ്യമേ വീഡിയോ എടുത്ത് വച്ചത്.ഞാൻ കാരണം ഒരാളുടെ കുടുംബം തകർക്കണ്ടല്ലോ എന്ന് കരുതിയാണ് മുഖം മറച്ചിരിക്കുന്നത്.)
ഇതിൽ അയാൾ ഒന്നും ചെയ്യുന്നില്ലല്ലോ എന്ന് പറയുന്നവരോട്: ശ്രദ്ധിച്ചു നോക്ക് ആളുടെ കൈ എന്റെ വയറിന്റെ ഭാഗത്ത് ആണ്. ബ്ലാക്ക് ഡ്രസ്സ് ആയതുകൊണ്ടും മുടി മുൻപിലേക്ക് ഇട്ടത് കൊണ്ടുമാണ് നിങ്ങൾക് മനസ്സിലാകാത്തത്.