സാമൂഹ്യവിരുദ്ധരെക്കൊണ്ട് ജീവിതം വഴിമുട്ടിയിരിക്കുകയാണ് ഇടുക്കി രാജാക്കാട് സ്വദേശി രാജേഷ്. രാജേഷിന്റെ ഏക വരുമാന മാർഗമായ ഓട്ടോറിക്ഷ സാമൂഹ്യവിരുദ്ധർ മൂന്ന് തവണ തീയിട്ട് നശിപ്പിച്ചു. ഏറ്റവും ഒടുവിൽ കഴിഞ്ഞ ഡിസംബറിൽ ഓട്ടോറിക്ഷയ്ക്ക് തീയിടുന്ന സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസിനും മുഖ്യമന്ത്രിക്കുമടക്കം പരാതി നൽകിയെങ്കിലും അന്വേഷണം ഇതുവരെ എങ്ങുമെത്തിയിട്ടില്ല
തൊഴിൽ ചെയ്ത് ജീവിക്കാൻ അനുവദിക്കണമെന്ന ആവശ്യം മാത്രമാണ് രാജാക്കാട് മുല്ലക്കാനം സ്വദേശി രാജേഷിനുള്ളത്. വായ്പയെടുത്ത് വാങ്ങിയ മൂന്ന് ഓട്ടോറിക്ഷകളാണ് സാമൂഹ്യവിരുദ്ധർ ഒന്നിനുപിറകെ ഒന്നായി തീയിട്ട് നശിപ്പിച്ചത്. പലതവണ പരാതിപ്പെട്ടു. പക്ഷേ പരിഹാരം കാണാനായില്ല. അതിക്രമം പരിധി വിട്ടതോടെ ഇടുക്കി എസ്പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. സിസിടിവി ദൃശ്യങ്ങളടക്കം സമർപ്പിച്ചിട്ടും പൊലീസ് ഇരുട്ടിൽ തപ്പുകയാണ്. പ്രതികളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിട്ടും പൊലീസ് അന്വേഷണം അട്ടിമറിക്കുകയാണെന്നാണ് രാജേഷിന്റെ ആരോപണം
ഓട്ടോ തീയിട്ട് നശിപ്പിച്ചയാൾ ബൈക്കിൽ തിരിച്ചു പോകുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു നടപടിയെടുത്തിട്ടില്ലെങ്കിലും അന്വേഷണം കൃത്യമായി മുന്നോട്ടുപോകുന്നെന്നാണ് രാജാക്കാട് പൊലീസിന്റെ വിശദീകരണം. നീതി കിട്ടാത്ത സാഹചര്യത്തിൽ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് രാജേഷ്