ശംഖുമുഖം കടപ്പുറത്തെ പുതുവത്സര ആഘോഷ ഡിജെ പാര്‍ട്ടിക്കിടെ പൊലീസ് അതിക്രമം കാട്ടിയെന്ന് മുഖ്യമന്ത്രിക്ക് എസ്.എഫ്.ഐയുടെ പരാതി. എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് ലാത്തിക്കൊണ്ട് അടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. അതേസമയം, പത്തനംതിട്ടയില്‍ ഡിജെ കലാകാരന്റെ ലാപ്ടോപ്പ് പൊലീസ് ഉദ്യോഗസ്ഥന്‍ ചവിട്ടിത്തെറിപ്പിച്ചു.
പൊലീസിന്റെ ക്രൂര മര്‍ദ്ദനമേറ്റ് താഴെ വീഴുന്നത് എസ്.എഫ്.ഐ വഞ്ചിയൂര്‍ ഏരിയ ജോയിന്റ് സെക്രട്ടറിയായ വിനയന്‍. രണ്ടാമത് അടിയേറ്റ് വീണത് ഏരിയ കമ്മിറ്റി അംഗം സുര്‍ജിത്ത്. മറ്റൊരു എസ്.എഫ്.ഐ നേതാവായ ആദര്‍ശിനും ക്രൂര മര്‍ദ്ദനമേറ്റു. പുതുവര്‍ഷആഘോഷ രാത്രിയില്‍ ശംഖുമുഖത്തെ ഡിജെ പാര്‍ട്ടിയുടെ വോളന്റിയര്‍മാരായിരുന്നു ഇവര്‍. മര്‍ദ്ദനമേറ്റ എസ്.എഫ്.ഐക്കാര്‍ പൊലീസിന്റെ അതിക്രമത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി കാത്തിരിക്കുകയാണ്. നടപടിക്കായി. പരിപാടി കഴിഞ്ഞ് സാധനങ്ങള്‍ കയറ്റാനും മറ്റും സഹായിക്കവേയാണ് പൊലീസ് അതിക്രമമുണ്ടായതെന്നാണ് ഇവരുടെ ആക്ഷേപം. അതേസമയം, പന്ത്രണ്ട് മണിക്ക് ശേഷവും പരിപാടി തുടര്‍ന്നെന്നും സംഘാടകര്‍ മദ്യലഹരിയിലായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. ഇത് എസ്.എഫ്.ഐ നിഷേധിക്കുന്നുണ്ട്. പത്തനംതിട്ടയിലും ഡിജെ കലാകാരന് നേരെയാണ് പൊലീസ് അതിക്രമമുണ്ടായത്. അഭിരാം സുന്ദര്‍ എന്ന യൂട്യൂബറുടെ ലാപ്ടോപ്പ് പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. ഡിജെ പാര്‍ട്ടി അര്‍ദ്ധരാത്രി ഒന്നേകാല്‍ വരെ നീണ്ടതാണ് സംഘര്‍ഷത്തിന് കാരണമായത്. പൊലീസ് നിര്‍ദേശം അവഗണിച്ച് പരിപാടി തുടര്‍ന്നെന്നും ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു. പൊലീസിനെതിരായ ആരോപണങ്ങളെ സേനയുടെ മനോവീര്യം കെടുത്തരുതെന്ന് പറഞ്ഞ് സംരക്ഷിക്കുന്ന മുഖ്യമന്ത്രി, ദൃശ്യങ്ങള്‍ സഹിതം എസ്.എഫ്.ഐ നല്‍കിയ പരാതിയില്‍ എന്ത് നടപടിയെടുക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെങ്കില്‍ നടപടിയെടുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു.