കോഴിക്കോട് വടകര തിരുവള്ളൂരില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചു. നൊച്ചാട് സ്വദേശിക്കാണ് മര്‍ദനമേറ്റത്. ഗുഡ്സ് ഓട്ടോ ബൈക്കിലിടിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.
തിങ്കളാഴ്ച വൈകിട്ട് വടകരയിലേക്ക് ഗുഡ്സ് ഓട്ടോയില്‍ പോകുമ്പോഴാണ് യുവാവിന് നേരെ ആക്രമണമുണ്ടായത്. ഓട്ടോ ബൈക്കില്‍ തട്ടിയെന്ന് ആരോപിച്ച് ബൈക്ക് യാത്രക്കാരനാണ് ആദ്യം മര്‍ദിച്ചത്. പിന്നാലെ അയാള്‍ക്കൊപ്പം ഉണ്ടായിരുന്നവരും മര്‍ദിക്കുകയായിരുന്നു. മര്‍ദിച്ചവര്‍ മുമ്പ് പരിചയമുള്ളവരല്ലെന്നും കൊല്ലുക എന്ന ഉദ്ദേശത്തോടെയായിരുന്നു അക്രമമെന്നും ബന്ധു പറയുന്നു.
മുമ്പ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ് മര്‍ദിച്ചതെന്നും ബന്ധു പറയുന്നു. പരുക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സതേടി. ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. വടകര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.