TAGS

പുതുവല്‍സരയാഘോഷങ്ങള്‍ കൊഴുപ്പിക്കാന്‍ ലോഡ്ജില്‍  മുറിയെടുത്ത് ലഹരിവിതരണം ചെയ്ത കമിതാക്കള്‍ ആലുവയില്‍ എക്സൈസിന്‍റെ പിടിയില്‍. ലക്ഷങ്ങള്‍ വിലയുള്ള  കഞ്ചാവ്, എംഡിഎംഎ, എല്‍എസ്ഡി സ്റ്റാംപടക്കമുള്ള ലഹരിമരുന്നുകള്‍ ഇവരില്‍ നിന്ന് കണ്ടെത്തി. രണ്ട് ദിവസത്തിനിടെ നിരവധിപേരാണ് ഇവരുടെ മുറിയിലെത്തി ലഹരി ശേഖരിച്ചത്.  

ചെങ്ങമനാട് സ്വദേശി വാസീഫ്, മലപ്പുറം സ്വദേശിനി മാജിത ഫര്‍സാന എന്നിവരാണ് ആലുവ എക്സൈസ് ഇന്‍സ്പെക്ടര്‍ ജോമോന്‍ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ കുടുങ്ങിയത്. എടത്തല സര്‍വീസ് സഹകരണ ബാങ്കിന് എതിര്‍വശത്തുള്ള കെട്ടിടത്തില്‍ വാടകയ്ക്ക് താമസിച്ചായിരുന്നു ഇരുവരുടെയും ലഹരിവിതരണം. രണ്ട് ദിവസം മുന്‍പാണ് ഇരുവരും ഇവിടെ മുറിയെടുത്തത്. കഴിഞ്ഞ ദിവസങ്ങളില്‍ പലരും ഇവരുടെ മുറിയിലെത്തി മടങ്ങിയതോടെയാണ് സംശയം ബലപ്പെട്ടത്. എക്സൈസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തില്‍ ലഹരിയിടപാടെന്ന് വ്യക്തമായതോടെയായിരുന്നു പരിശോധന. ഇവരുടെ മുറിയില്‍ നിന്ന് ഒരു കിലോ കഞ്ചാവും അഞ്ച് ഗ്രാം എംഡിഎഎ ഒരു എല്‍എസ്ഡി സ്റ്റാംപുമാണ് പിടികൂടിയത്. തുടര്‍ പരിശോധനയില്‍ ഇവരുടെ കാറില്‍ നിന്ന് രണ്ട് കിലോ കഞ്ചാവ് കൂടി കണ്ടെത്തി. പുതുവല്‍സരയാഘോഷങ്ങള്‍ക്കായാണ് ഓര്‍‍ഡര്‍ സ്വീകരിച്ച ഇരുവരും ലഹരിമരുന്ന് എത്തിച്ചത്.

 ലഹരിക്കടത്ത് കേസില്‍ വാസീഫ് നേരത്തെ എക്സൈസിന്‍റെ പിടിയിലായിട്ടുണ്ട്. വിദേശത്ത് ജോലി തേടുന്നതിനൊപ്പമായിരുന്നു വാസീഫിന്‍റെ ലഹരികച്ചവടം. പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചാണ് മാജിത വാസിഫിനൊപ്പം ലഹരികച്ചവടത്തില്‍ പങ്കാളിയായതെന്നാണ് എക്സൈസ് നല്‍കുന്ന വിവരം. ഇവര്‍ ഉപയോഗിച്ചിരുന്ന കാറും എക്സൈസ് പിടിച്ചെടുത്തു. ലഹരിമരുന്ന് ലഭിച്ച ഉറവിടം സംബന്ധിച്ചും എക്സൈസ് സംഘത്തിന് വിവരം ലഭിച്ചു. കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരാണ് ഇവരില്‍ നിന്ന് ലഹരിമരുന്ന് വാങ്ങിയതെന്ന് പരിശോധനയില്‍ വ്യക്തമായി. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ് .

ENGLISH SUMMARY:

The Aluva Excise team has arrested a couple for distributing synthetic drugs and cannabis from a rented room near Edathala, aimed at New Year's Eve celebrations. Wasif, a native of Chengamanad, and Majitha Farzana from Malappuram were apprehended after officials noticed suspicious movements at their residence. During the raid, Excise recovered three kilograms of ganja, five grams of MDMA, and LSD stamps. Investigations revealed that Wasif has a prior criminal record in drug trafficking, and the couple had been catering to a clientele that included college students.