അന്യസംസ്ഥാന തൊഴിലാളിയെ വടിവാളുപയോഗിച്ച് ആക്രമിച്ച കേസിൽ നാല് കൗമാരക്കാരായ ആൺകുട്ടികൾ തമിഴ്നാട്ടിൽ അറസ്റ്റിൽ. ചെന്നൈയിൽ നിന്ന് തിരുത്താണിയിലേക്ക് പോവുകയായിരുന്ന സബർബൻ ട്രെയിനിനുള്ളിൽ ആൺകുട്ടികളുടെ സംഘം ഒരാളെ ഉപദ്രവിക്കുകയും ആക്രമിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മഹാരാഷ്ട്ര സ്വദേശിയാണ് അക്രമണത്തിനിരയായത്.
പ്രതികളിൽ ഒരാൾ തന്നെയാണ് തമിഴ് ഗാനത്തിന്റെ പശ്ചാത്തലത്തിൽ ഒരു ഇൻസ്റ്റാഗ്രാം റീലായി ആക്രമണ വീഡിയോ ഷെയർ ചെയ്തത്. വീഡിയോയിൽ തൊഴിലാളിയെ പ്രതികൾ വടിവാൾ കൊണ്ട് അടിക്കുന്നതും അയാളുടെ ശരീരത്തിനടുത്ത് നിന്ന് വിക്ടറി ചിഹ്നം കാണിച്ച് പോസ് ചെയ്യുന്നതും കാണാം.
17 വയസ്സുള്ള നാല് പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽ മൂന്ന് പേരെ ചെങ്കൽപേട്ടിലെ ഒരു ജുവനൈൽ ഹോമിലേക്ക് അയച്ചു, നാലാമത്തെ പ്രതിയെ പഠനം കണക്കിലെടുത്ത് കോടതി ജാമ്യത്തിൽ വിട്ടയച്ചു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് രക്തം വാർന്ന 20 കാരൻ തിരുവള്ളൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.