TOPICS COVERED

മൂവാറ്റുപുഴ സ്വദേശി എഡിസന്‍ ബാബു പ്രതിയായ "കെറ്റാമെലോൺ" ഡാര്‍ക് വെബ് ലഹരിശൃംഖല കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് എന്‍സിബി. എഡിസനെ ഒന്നാംപ്രതിയായ കേസില്‍ സുഹൃത്ത് അരുണ്‍ തോമസ്, സന്ദീപ് സജീവ്, ഹരികൃഷ്ണന്‍ അജി എന്നിവരും പ്രതികളാണ്. ഒളിവില്‍ കഴിയുന്ന യുകെ മലയാളി സന്ദീപ് സജീവാണ് മാരകലഹരിമരുന്നായ എല്‍എസ്ഡി സ്റ്റാംപുകളുടെ ഉറവിടമെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. 

കഴിഞ്ഞ ജൂലൈയില്‍ ഓപ്പറേഷന്‍ 'മെലണ്‍'എന്ന പേരില്‍ കൊച്ചി എന്‍സിബി യൂണിറ്റ് നടത്തിയ നീക്കത്തിലാണ് രാജ്യാന്തരലഹരിക്കടത്തിലെ മലയാളി ബന്ധം പുറത്തായത്. രാജ്യത്തിന് അകത്തും പുറത്തും കുപ്രസിദ്ധമായ "കെറ്റാമെലോൺ" എന്ന ഡാര്‍ക് വെബ് ഡ്രഗ് കാര്‍ട്ടലിന്‍റെ ഉടമയായിരുന്നു മൂവാറ്റുപുഴക്കാരന്‍ എഡിസന്‍ ബാബു.  കേരളത്തിലേക്കെത്തുന്ന പോസ്റ്റല്‍ പാഴ്സലുകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. കോവിഡിന് ശേഷം ജോലി നഷ്ടപ്പെട്ട എഡിസന്‍ ബാബു 2023 ലാണ് കെറ്റമെലോണ്‍ എന്ന പേരില്‍ ലഹരിയിടപാട് വ്യാപിപ്പിച്ചത്. പിടിയിലാകുന്നതുവരെ ആയിരത്തി മുന്നൂറിലേറെ ലഹരിപാഴ്സലുകളാണ് രാജ്യത്തിന് അകത്തും പുറത്തും വിതരണം ചെയ്തത്. കെറ്റമെലോണ്‍ വഴി വിതരണം ചെയ്തത് അറുനൂറിലേറെ പാഴ്സലുകള്‍.  എഡിസനായി എത്തിയ 280 എല്‍എസ്ഡി സ്റ്റാംപുകളാണ് ആദ്യം എന്‍സിബി പിടികൂടിയത്. പിന്നീട് മൂവാറ്റുപുഴയിലെ വീടിനുള്ളിലെ ഡ്രഗ് ലാബില്‍ നിന്ന് കണ്ടെത്തിയത് 847 എൽ‌എസ്‌ഡി സ്റ്റാംപുകളും 131.66 ഗ്രാം കെറ്റാമൈനും. യുകെയില്‍ നിന്നാണ് എഡിസന് എല്‍എസ്ഡി സ്റ്റാംപുകള്‍ എത്തിയിരുന്നത്. യുകെ മലയാളി സന്ദീപായിരുന്നു വിതരണക്കാരന്‍. കെറ്റമീന്‍ വാങ്ങിയിരുന്നത് ഇന്ത്യയില്‍ നിന്ന് തന്നെ. പ്രദീപ് ഭായ് എന്നയാളായിരുന്നു വിതരണക്കാരന്‍. ഇയാള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. യുകെ മലയാളി സന്ദീപ് സജീവ് ചേന്ദമംഗലം സ്വദേശിയാണ്. ഓസ്ട്രേലിയയിലെ താമസക്കാരനാണ് മറ്റൊരു പ്രതിയായ ഹരികൃഷ്ണന്‍ അജി ജവാസ്. വാഴക്കാല സ്വദേശിയായ ഹരികൃഷ്ണനാണ് ലഹരിയിടപാടുകളിലൂടെ ലഭിച്ച ക്രിപ്റ്റോ കറന്‍സികള്‍ ഇന്ത്യന്‍ രൂപയാക്കി എഡിസന് കൈമാറുന്നത്. ഈ പണം പിന്നീട് എഡിസന്‍റെ ഭാര്യയുടെയും ബന്ധുവായ യുവതിയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നതാണ് രീതി. കോടികളാണ് ലഹരിയിടപാടിലൂടെ എഡിസന്‍ സമ്പാദിച്ചത്. മൂവാറ്റുപുഴയില്‍ വീടിന് സമീപത്ത് ഒരു കോടിയോളം മൂല്യമുള്ള മൂന്നു നില കെട്ടിടം നിര്‍മിച്ചു. എഴുപത് ലക്ഷത്തിന്‍റെ ക്രിപ്റ്റോ കറന്‍സി നിക്ഷേപങ്ങളും കണ്ടെത്തി. 

പ്രൈവറ്റ് മെസഞ്ചര്‍ ആപ്പായ സിഗ്നല്‍ വഴി നടത്തിയ ആശയവിനിമയത്തിന്‍റെ വിവരങ്ങളടക്കം ശേഖരിച്ചാണ് രാജ്യത്തെ തന്നെ ഏറ്റവും വലിയ ലഹരിശൃംഖലയുടെ ഉള്ളറകളിലേക്ക് എന്‍സിബി കടന്നുചെന്നത്. രാസലഹരിയിടപാടുകാരുടെ കൂടാരമെന്ന് വിശേഷിപ്പിക്കാവുന്ന ഡാര്‍ക്ക് നെറ്റില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ എല്‍എസ്ഡി, കെറ്റമീന്‍ വിതരണക്കാരനായിരുന്നു കെറ്റാമെലോണ്‍ എന്നറിയപ്പെടുന്ന എഡിസന്‍. 

ENGLISH SUMMARY:

Ketamelon drug case: The NCB has filed a charge sheet against Edison Babu in the Ketamelon dark web drug network case. The investigation revealed a UK Malayali as the source of LSD stamps.