തിരുവനന്തപുരം കഴക്കൂട്ടത്ത് അതിഥി തൊഴിലാളിയുടെ മകനെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ചു. കഴക്കൂട്ടത്തെ ലോഡ്ജിൽ താമസിക്കുന്ന പശ്ചിമബംഗാൾ സ്വദേശിയായ മുന്നി ബീഗത്തിന്റെ മകൻ ഗിൽദർ (4) ആണ് മരിച്ചത്. വൈകുന്നേരം ആറുമണിയോടെയാണ് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ കുഞ്ഞിന് ജീവനില്ലായിരുന്നു. കുഞ്ഞിനെ പരിശോധിച്ച ഡോക്ടറാണ് കഴുത്തിൽ പാടുകൾ കണ്ടെത്തിയത്.
കയറോ തുണിയോ കൊണ്ട് മുറുക്കിയതാണ് പാടുകളെന്ന് പ്രാഥമിക നിഗമനം. കുഞ്ഞ് വൈകുന്നേരം അനക്കമില്ലാതെ കിടക്കുന്നത് കണ്ടാണ് ആശുപത്രിയിൽ എത്തിച്ചതെന്നാണ് മാതാവ് ഡോക്ടറോട് പറഞ്ഞത്. അസ്വാഭാവികത തോന്നിയ ഡോക്ടർ ഉടൻതന്നെ കഴക്കൂട്ടം പൊലീസിൽ വിവരമറിയിച്ചു. കുട്ടിയുടെ മാതാവായ മുന്നി ബീഗത്തെയും സുഹൃത്തിനെയും കഴക്കൂട്ടം പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും.