bangalore-drug-bust

TOPICS COVERED

ബെംഗളുരുവില്‍ വന്‍ ലഹരി വേട്ട. മഹാരാഷ്ട്ര ലഹരി വിരുദ്ധ സേന ബെംഗളുരു പൊലീസിനെ അറിയിക്കാതെ നടത്തിയ റെയ്ഡില്‍ മാരക ലഹരിയായ മെഫെഡ്രോണ്‍ നിര്‍മിക്കുന്ന മൂന്നു ഫാക്ടറികള്‍ പൂട്ടിച്ചു.21.1 കിലോ മെഫെഡ്രോണും ഫാക്ടറി ഉപകരണങ്ങളും പിടിച്ചെടുത്തു. രാജ്യം മുഴുവന്‍ വേരുകളുള്ള സംഘത്തിലെ നാലുപേര്‍ അറസ്റ്റിലായി.

ലഹരി വിതരണക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കുമിടയില്‍  മ്യാവു മ്യാവു,എം.ക്യാറ്റ്,ബബിള്‍, ഡ്രോണ്‍ തുടങ്ങിയ പേരുകളിലറിയപെടുന്ന അതിമാരക ലഹരി മരുന്നാണ് മെഫെഡ്രോണ്‍. ഇവയുടെ മൂന്നു ഫാക്ടറികളാണ് ബെംഗളുരു നഗരത്തില്‍ ഇരുചെവി അറിയാതെ പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ ഞായറാഴ്ച നവി മുംബൈയില്‍ നടത്തിയ റെയ്ഡില്‍ ഒന്നരകോടി വിലമതിക്കുന്ന മെഫെഡ്രോണ്‍ പിടികൂടിയിരുന്നു. അറസ്റ്റിലായ അബ്ദുള്‍ ഖാദര്‍ റാഷിയെന്നയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മഹാരാഷ്ട്ര ലഹരി വിരുദ്ധ സേന  ബെംഗളുരുവിലെത്തിയത്.

എന്‍.ജി. ഗൊല്ലഹള്ളി, യാരപ്പനഹള്ളി, കണ്ണൂര്‍ എന്നിവടങ്ങളിലെ ഫാക്ടറികള്‍ ഒരേ സമയം റെയ്ഡ് നടന്നു.ക്രിസ്റ്റല്‍ രൂപത്തിലുള്ള 4.1 കിലോ മെഫാഡ്രോണും 17 കിലോ ദ്രാവക രൂപത്തിലുള്ള ലഹരി മരുന്നും പിടികൂടി. രാജസ്ഥാന്‍ സ്വദേശികളായ സൂരജ് രമേശ് യാദവ്, മല്‍കാന്‍ രാം ലാല്‍ ബിഷ്ണോയ്, ബളഗാവി സ്വദേശി പ്രശാന്ത് യല്ലപ്പ പാട്ടീല്‍ എന്നിവര്‍ പിടിയിലായി. ഈ ഫാക്ടറികളില്‍ ഉല്‍പാദിപ്പിക്കുന്ന മെഫെഡ്രോണ്‍ രാജ്യവ്യാപകമായി വിതരണം ചെയ്തിരുന്നുവെന്നാണൂ സൂചന. പ്രശാന്താണു സംഘത്തലവനെന്നും കണ്ടെത്തി. അതേ സമയം റെയ്ഡ് കര്‍ണാടകയില്‍ രാഷ്ട്രീയ വിവാദത്തിനും തിരികൊളുത്തി.

ബെംഗളുരു പൊലീസറിയാതെ മഹാരാഷ്്ട്ര ലഹരിവിരുദ്ധ സേന ബെംഗളുരുവില്‍ റെയ്ഡ് നടത്തി ഫാക്ടറികള്‍ തകര്‍ത്തത് ആഭ്യന്തര വകുപ്പിന്റെ  വീഴ്ചയാണന്നും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജിവെയ്ക്കണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു.

ENGLISH SUMMARY:

Bangalore drug bust leads to the shutting down of three Mephedrone manufacturing factories. 21.1 kg of Mephedrone and factory equipment were seized during the raid, and four people were arrested.