merykulammurder-2

TOPICS COVERED

ഇടുക്കി മേരികുളത്ത് മദ്യ ലഹരിയിൽ സുഹൃത്തിനെ കൊലപ്പെടുത്തി. ഡോർലാന്റ് സ്വദേശി പുളിക്കമണ്ഡപത്തിൽ റോബിൻ തോമസാണ് മരിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന റോബിന്റെ സുഹൃത്ത് സോജനെ ഉപ്പുതറ പൊലീസ് കസ്റ്റഡിയിലെടത്തു. ഡോർലാന്റ് സ്വദേശി റോബിൻ ഇന്നലെ രാത്രിയാണ് കൊല്ലപ്പെട്ടത്.  റോബിന്റെ വീടിനടുത്താണ് ഉപ്പുതറ സ്വദേശി സോജൻ വാടകയ്ക്ക് താമസിക്കുന്നത്. 

സുഹൃത്തുക്കളായ ഇരുവരും ചേർന്ന് ഇന്നലെ മദ്യപിച്ചു. രാത്രിയായതോടെ ഇരുവരും തമ്മിൽ തർക്കവും കയ്യാങ്കളിയുമുണ്ടായി. ഇതിനിടെ സോജൻ കല്ലുകൊണ്ട് റോബിന്റെ തലക്ക് ഇടിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന റോബിൻ പരുക്കേറ്റ് വഴിവക്കിൽ വീണു.  ഇത് കാര്യമാക്കാതെ സോജൻ വീട്ടിലേക്ക് കയറിപ്പോയി.

രാവിലെ പണിക്ക് പോകാൻ വിളിക്കാൻ പിതൃസഹോദരന്റെ മകൻ എത്തിയപ്പോഴാണ് റോബിനെ മരിച്ച നിലയിൽ കണ്ടത്.   നാട്ടുകാർ അറിയിച്ചതനുസരിച്ച് ഉപ്പുതറ പൊലീസ് സ്ഥലത്തെത്തി സോജനെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തു. തന്നെ ആക്രമിച്ചപ്പോൾ തിരിച്ച് മർദ്ദിച്ചുവെന്നാണ് സോജൻ പൊലീസിനോട് പറഞ്ഞത്. മൃതദേഹം ഇൻക്വസ്റ്റിനു ശേഷം ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി. പ്രാഥമിക റിപ്പോർട്ട് കിട്ടിയ ശേഷമായിരിക്കും സോജന്റെ അറസ്റ്റ് രേഖപ്പെടുത്തുക. അവിവാഹിതനായ റോബിൻ അച്ഛനോടൊപ്പമാണ് താമസിച്ചിരുന്നത്.

ENGLISH SUMMARY:

A drunken argument between friends ended in murder at Marykulam in Idukki. Robin Thomas was allegedly killed after being hit on the head with a stone. The incident occurred late at night following a drinking session. Suspect Sojan has been taken into custody by Upputhara police. The accused claimed he acted in retaliation during the altercation. Police said the arrest will be recorded after receiving the postmortem report.