തിരുവനന്തപുരം വര്‍ക്കലയ്ക്കടുത്തുള്ള അകത്തുമുറി റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരത് ട്രെയിന്‍ ഇടിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് കണ്ടെത്തല്‍. മദ്യലഹരിയില്‍ വഴിമാറി പ്ലാറ്റ്ഫോമിലേക്ക് ഓട്ടോ ഓടിച്ച് കയറ്റിയെന്നാണ് സംശയം. പ്ലാറ്റ്ഫോമിലെ കോണ്‍ക്രീറ്റ് തിട്ടയില്‍ ഇടിച്ചാണ് ഓട്ടോ ട്രാക്കിലേക്ക് വീണത്. അറസ്റ്റിലായ കല്ലമ്പലം സ്വദേശി സുധിക്കെതിരെ ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
ഇന്നലെ രാത്രി പത്തരയോടെയാണ് കാസര്‍കോഡ് നിന്ന് പുറപ്പെട്ട വന്ദേഭാരത് ട്രെയിന്‍ അകത്തുമുറി റെയില്‍വേസ്റ്റേഷനിലെ ട്രാക്കില്‍ കിടന്ന ഓട്ടോയില്‍ ഇടിച്ചത്. സ്റ്റേഷനകത്തെ ട്രാക്കില്‍ ഓട്ടോ മറിഞ്ഞ് കിടക്കണമെങ്കില്‍ പ്ലാറ്റ്ഫോമില്‍ ഓട്ടോ കയറണം. ഇതെങ്ങനെ സംഭവിച്ചു....?
പ്ലാറ്റ്ഫോമില്‍ കയറിയ ഓട്ടോ ക്രോണ്‍ക്രീറ്റ് തിട്ടയില്‍ ഇടിച്ച് ട്രാക്കിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. ഡ്രൈവര്‍ പ്ലാറ്റ്ഫോമിലേക്കും തെറിച്ചു വീണു. പിന്നാലെയെത്തിയ വന്ദേഭാരത് ട്രെയിന്‍ ഓട്ടോയില്‍ ഇടിച്ചു. മുന്നില്‍ കുരുക്കി ട്രെയിന്‍ കുറച്ച് ദൂരം സഞ്ചരിച്ച് നിന്നു. അപ്പോഴേക്കും ഓട്ടോ തവിടു പൊടിയായിരുന്നു. പ്ലാറ്റ്ഫോമില്‍ വീണ് കിടന്നിരുന്ന ഡ്രൈവര്‍ കല്ലമ്പലം സ്വദേശി സുധിയെ അപ്പോള്‍ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തമായി. യാത്രക്കാരുടെയും ട്രെയിനിന്‍റെയും സുരക്ഷ അപകടപ്പെടുത്തല്‍, അതിക്രമിച്ച് കടക്കല്‍, മദ്യപിച്ച് റെയില്‍വേ ഭൂമിയില്‍ കയറി പ്രശ്നമുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം റെയില്‍വേ പൊലീസ് കേസെടുത്തു.