Image Credit: x/jamawat
പൂച്ചയെ അടിച്ചു കൊന്ന യുവാവിനെതിരെ കേസെടുത്ത് പൊലീസ്. അഹമ്മദാബാദിലെ വഡാജിലാണ് സംഭവം. രാഹുല്‍ ദന്‍താനിയെന്ന യുവാവാണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെ രാഹുലിന്‍റെ ഭാര്യ പൂച്ചയ്ക്ക് പാലു കൊടുക്കാനായി ശ്രമിച്ചു. പാല്‍ പാത്രം നേരെ വയ്ക്കുന്നതിനിടെ പൂച്ച യുവതിയെ കടിക്കുകയായിരുന്നു. ആറുമാസം ഗര്‍ഭിണിയായിരുന്ന യുവതിയെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു.
തിരികെ വീട്ടിലെത്തിയ രാഹുല്‍ ദേഷ്യം മൂത്തതോടെ പൂച്ചയെ പിടികൂടി ചാക്കിലാക്കി ബൈക്കില്‍ വച്ച് അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍റെ ഗ്രൗണ്ടിലെത്തി. പിന്നാലെ ചാക്കോടെ എടുത്ത് നിലത്തടിച്ചു. ചാക്കില്‍ നിന്ന് പൂച്ചയെ കുടഞ്ഞ് പുറത്തേക്കിട്ടിട്ടും വടി കൊണ്ട് ക്രൂരമായി തല്ലിച്ചതച്ചു. പൂച്ചയെ തല്ലിപ്പതം വരുത്തുന്നത് കണ്ടുനിന്നവരില്‍ ചിലരാണ് വിഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. പൂച്ചയെ ആക്രമിക്കുന്നതിനായി രാഹുല്‍ തന്റെ സുഹൃത്തിനെയും കൂടെക്കൂടിയിരുന്നു. പൂച്ചയുടെ കഴുത്തില്‍ കാലുകൊണ്ട് ചവിട്ടിപ്പിടിച്ച ശേഷമാണ് കല്ലിനിടിച്ച് കൊന്നത്. ക്രൂരമായി തല്ലിക്കൊന്നതിന് ശേഷം ഇതിന്‍റെ ചിത്രങ്ങളും യുവാവ് പകര്‍ത്തി.
വിഡിയോ കണ്ട മൃഗസംരക്ഷണ സമിതി പ്രവര്‍ത്തകരാണ് പൊലീസില്‍ പരാതി നല്‍കിയത്. വിഡിയോ പരിശോധിച്ചതിന് പിന്നാലെ പൊലീസ് കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തു. മണിക്കൂറുകള്‍ക്കുള്ളില്‍ രാഹുലിനെ അറസ്റ്റ് ചെയ്തു. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാണ്.