പ്രണയബന്ധത്തെ എതിർത്ത പിതാവിന് ഉറക്കഗുളിക കൊടുത്ത് മയക്കി മകള്‍, പിന്നാലെ കാമുകന്‍ കുത്തിക്കൊന്നു. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. 45കാരനായ ഷന ചാവ്ഡയാണ് കൊല്ലപ്പെട്ടത്. ഫോൺ കോളിനോട് പ്രതികരിക്കാതായതിനെ തുടർന്ന് സഹോദരൻ അന്വേഷിച്ചുവന്നപ്പോൾ ഷന ചാവ്ഡ മരിച്ചു കിടക്കുന്നതാണ് കണ്ടത്.
ഷന ചാവ്ഡയുടെ 17 വയസ്സ് പ്രായമുള്ള മകൾ 25 കാരനായ രഞ്ജിത്ത് വഘേല എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. മകൾ പ്രായപൂർത്തിയാകാത്തതിനാൽ പിതാവ് പ്രണയത്തെ എതിർത്തു. ഇതേത്തുടർന്ന് മകൾക്കും ആൺസുഹൃത്തിനും ഷന ചാവ്ഡയോട് പകയുണ്ടായിരുന്നു.
പെൺകുട്ടി രാത്രി ഭക്ഷണത്തിൽ ഉറക്ക ഗുളിക ചേർത്ത് പിതാവിനെ മയക്കിയശേഷം കാമുകന്‍ രഞ്ജിത്ത് വഘേലയെയും സുഹൃത്തായ ഭവ്യ വാസവയെയും വിളിച്ചു വരുത്തുകയായിരുന്നു. രഞ്ജിത്തും സുഹൃത്തും ചേർന്ന് ഷന ചാവ്ഡയെ വീടിന് പുറത്തേക്ക് എടുത്തുകൊണ്ടു പോവുകയും കുത്തിക്കൊലപ്പെടുത്തുകയും ചെയ്തു. ജനലിലൂടെ കൊലപാതകം കണ്ടുനിന്ന് പിതാവ് മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷമാണ് പെൺകുട്ടി കിടക്കാൻ പോയത്.
മുൻപും മാതാപിതാക്കളെ വിഷം കൊടുത്ത് കൊല്ലാൻ പെണ്‍കുട്ടി ശ്രമിച്ചിട്ടുണ്ട്. കൊലപാതകത്തിന് രണ്ട് ദിവസം മുമ്പ് ഉറക്കഗുളിക കലർത്തി ഇരുവരെയും കൊല്ലാൻ ശ്രമിച്ചു. പക്ഷേ ആ പദ്ധതി പരാജയപ്പെട്ടു. കൊലപാതകം നടന്ന ദിവസം ഉറക്ക ഗുളിക കലർത്തിയ വെള്ളം അമ്മ തുപ്പിക്കളഞ്ഞതിനാൽ അവർ രക്ഷപ്പെടുകയായിരുന്നു.