തദ്ദേശതിരഞ്ഞെടുപ്പിൽ ഭാര്യയ്ക്കു സീറ്റ് നൽകിയാൽ അതിനെതിരെ താന്‍ രംഗത്തുവരുമെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട വെമ്പായം സ്വദേശി അജിത്കുമാറിന്‍റെ മരണം കൊലപാതകമെന്ന് സംശയം . മരണകാരണം തലയ്‌ക്കേറ്റ പരുക്കാണെന്ന പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെയാണ് ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തിയത് . പൊലീസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന് ആരോപിച്ചു ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
രണ്ട് തവണ യുഡിഎഫിന്‍റെ ബ്ലോക്ക് പഞ്ചായത്ത് അംഗമായിട്ടുള്ള ബീനയുടെ ഭര്‍ത്താവാണ് മരിച്ച അജിത്. കഴിഞ്ഞ ഒക്ടോബർ 10ന് രാവിലെ 5ന് ആണ് അജിത്തിനെ വീട്ടിലെ ഓഫിസ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദേഹത്ത് മർദനമേറ്റതിൻ്റെ ചിത്രങ്ങൾ അജിത്ത് ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് കൊലപാതമെന്ന സംശയം ഉയരുന്നത്.ഭാര്യ ബീനക്ക് ഇത്തവണ സീറ്റ് നല്‍കിയാല്‍ താന്‍ അതിനെതിരെ രംഗത്ത് വരുമെന്നും നേരത്തെ അജിത്ത് എഫ് ബി പോസ്റ്റ് ഇട്ടിരുന്നു. മന്ത്രി ജി ആര്‍ അനില്‍ അജിത്തിന്‍റെ അച്ഛനും അമ്മയും ഉള്‍പ്പെടുന്ന ബന്ധുക്കളെ സന്ദര്‍ശിച്ചു. പൊലീസ് അന്വേഷണത്തിലെ പരാതി കുടുംബം മന്ത്രിയെ അറിയിച്ചു
കുടുംബ പ്രശ്‌നങ്ങളെ തുടർന്നുള്ള മനോവിഷമത്തിൽ അജിത്ത് അമിത അളവിൽ ഗുളികകൾ കഴിച്ച് ജീവനൊടുക്കിയെന്നായിരുന്നു അജിത്തിൻ്റെ മകൻ വിനായക് ശങ്കർ നൽകിയ മൊഴി . ഇതു പ്രകാരമാണ് പൊലീസ് കേസെടുത്തത്. മരണത്തിന് പിന്നാലെ അജിത്തിൻ്റെ ഫെയ്‌സ്ബുക്ക് പോസ്‌റ്റുകൾ നീക്കം ചെയ്യുകയും ചെയ്തു. അസ്വാഭാവിക മരണത്തിന് കേസ് റജിസ്റ്റർ ചെയ്തെങ്കിലും ആത്മഹത്യയെന്ന് പറഞ്ഞ് പൊലീസ് അന്വേഷണം ഉഴപ്പി എന്നാണ് പരാതി. മരണം നടന്ന് അഞ്ചാം നാൾ വീട്ടിലെ രണ്ടു മുറികൾ പെയിൻ്റടിച്ചു വൃത്തിയാക്കിയതിലും ദുരൂഹതയുണ്ടെന്ന് അജിത്തിന്‍റെ ബന്ധുക്കള്‍ ആരോപിക്കുന്നു