ഇടുക്കി കട്ടപ്പന നരിയമ്പാറയില്‍ യുവതിയെ വീട്ടില്‍ കയറി വെട്ടിപ്പരുക്കേല്‍പ്പിച്ച മുന്‍ ഭര്‍ത്താവ് അറസ്റ്റില്‍. മേപ്പാറ സ്വദേശി അശ്വിനാണ് പിടിയിലായത്. അക്രമണത്തില്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഒളിവിലാണ്.
കട്ടപ്പന നരിയമ്പാറയില്‍ വാടകയ്ക്ക് താമസിക്കുന്ന ആനവിലാസം സ്വദേശി ശശികലയെയാണ് മുകേഷും സുഹൃത്തും ചേര്‍ന്ന് വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു ആക്രമണം. ബൈക്കിലെത്തിയ പ്രതികള്‍ വാതിൽ തകർത്ത് അകത്ത് കടന്ന ശേഷം മാരകായുധമുപയോഗിച്ച് ശശികലയെ ആക്രമിക്കുകയായിരുന്നു.
മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് ശശികല പൊലീസിന് മൊഴി നൽകി. കൈക്കും കാലിനും വെട്ടേറ്റ യുവതി ഇടുക്കി മെഡിക്കല്‍ കോളജിൽ ചികിത്സയിലാണ്. ആക്രമണത്തിന് ശേഷം രക്ഷപെട്ട പ്രതിയെ ഇന്നലെ രാത്രി തമിഴ്നാട് തേനിയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തതിനുശേഷം റിമാൻഡ് ചെയ്തു. ഇയാൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ കണ്ടെത്താൻ കട്ടപ്പന പൊലീസ് തിരച്ചിൽ ഊർജ്ജതമാക്കി.