നടിയെ ആക്രമിച്ച കേസിലെ അതിജീവിതയെ അധിക്ഷേപിച്ച പ്രതി മാര്‍ട്ടിന്‍ ആന്‍റണിക്കെതിരെ കേസെടുക്കും. മാര്‍ട്ടിന്‍ ഫെയ്സ്ബുക്കിലിട്ട വീഡിയോക്കെതിരെ മുഖ്യമന്ത്രിക്കും പിന്നാലെ പൊലീസിനും അതിജീവിത പരാതി നല്‍കി. ദിലീപിനെ വെറുതേ വിട്ട കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനുള്ള നീക്കങ്ങളും വേഗത്തിലാക്കി.
നടിയെ ആക്രമിച്ച കേസിലെ പ്രതിയായ മാര്‍ട്ടിന്‍ ആന്‍റണിയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഈ വീഡിയോയിലുള്ളത്. ഇരുപത് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട് ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലിലാണ് മാര്‍ട്ടിന്‍. എന്നാല്‍ ശിക്ഷവിധിക്കുന്നതിന് മുന്‍പ് ഈ വിഡിയോ തയാറാക്കി ഫെയ്സ്ബുക്കിലിടുകയായിരുന്നു. ദിലീപിന് കുറ്റകൃത്യത്തില്‍ പങ്കില്ലായെന്ന് ന്യായീകരിക്കുന്ന വിഡിയോയില്‍ അതിജീവിതയെ അതിരുകടന്ന് ആക്ഷേപിക്കുന്നുണ്ട്. പേരും വെളിപ്പെടുത്തുന്നു. ഇതിന് പിന്നാലെ സമൂഹമാധ്യമ അധിക്ഷേപം അതിജീവിതക്കെതിരെ രൂക്ഷമായി. ഇതോടെയാണ് മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ അതിജീവിത പരാതി പറഞ്ഞത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പൊലീസിലും പരാതി നല്‍കിയതോടെ നിയമനടപടി തുടങ്ങിയത്.
വിഡിയോ ബോധപൂര്‍വം പ്രചരിപ്പിച്ചവരെ കണ്ടെത്താനും ശ്രമമുണ്ട്. അതോടൊപ്പം ദിലീപിനെ കുറ്റവിമുക്തനാക്കുകയും ബലാല്‍സംഗം തെളിഞ്ഞിട്ടും പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കാതിരിക്കുകയും ചെയ്ത വിചാരണകോടതി വിധിക്കെതിരെ ഉടന്‍ അപ്പീല്‍ നല്‍കും. ഇതിനുള്ള സര്‍ക്കാര്‍ അനുമതി ഇന്നോ നാളെയോ നല്‍കും. ക്രിസ്മസ് അവധിക്ക് ഹൈക്കോടതി പിരിയുന്ന വെള്ളിയാഴ്ചക്ക് മുന്‍പ് അപ്പീല്‍ നല്‍കാനാണ് ആലോചന. വിചാരണക്കോടതി ഉത്തരവിന്‍റെ അംഗീകൃത പകര്‍പ്പ് ലഭിച്ചാലുടന്‍ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.