മലപ്പുറം വണ്ടൂരില്‍ ബാറില്‍ യുവാവ് രണ്ട് ജീവനക്കാരെ കുത്തിപ്പരുക്കേല്‍പിച്ചു. കണ്ണൂർ മുള്ളരിക്കണ്ടി ആകാശ്, അഭിജിത്ത് എന്നിവർക്കാണ് പരുക്കേറ്റത്. ഏറിയാട് തൊണ്ടിയിൽ താഴത്തെ വീട്ടിൽ ഷിബിലിയാണ് ആക്രമണം നടത്തിയത്. ഇരുവരും താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ആകാശിന്‍റെ വയറിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ആക്രമണം നടത്തിയ ഷിബിലിക്കും ആക്രമണത്തിനിടെ പരുക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് സംഭവമുണ്ടായത്. ബാറിലെത്തിയ ഷിബിലി അക്രമാസക്തനായി കൗണ്ടറിൽ ഉണ്ടായിരുന്ന ജീവനക്കാരെ കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. രണ്ട് മണിക്കൂറോളം ഇയാള്‍ ബാറില്‍ പരിഭ്രാന്തി പരത്തി. 40 ലീറ്ററോളം മദ്യം നശിപ്പിച്ചു.മേശയും കസേരയും ജനലും സിസിടിവി ക്യാമറയും അടിച്ചു തകർത്തു. പൊലീസ് എത്തി ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.
നേരത്തെയും ഇയാള്‍ ജീവനക്കാരെ ആക്രമിച്ചിട്ടുണ്ടെന്ന് ബാര്‍ മാനോജര്‍ പറഞ്ഞു. പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്തിയ പൊലിസ് സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുനരികയാണെന്നും വ്യക്തമാക്കി.