ബെംഗളൂരു സെൻട്രൽ ജയിലിലേക്ക് സിഗരറ്റുകളും അബ്സോർബന്റ് പേപ്പറും കടത്താൻ ശ്രമിച്ച വാര്‍ഡന്‍ അറസ്റ്റില്‍. 2018 മുതൽ വിവിധ ജയിലുകളിൽ വാർഡറായി ജോലി ചെയ്തു വന്ന രാഹുൽ പാട്ടീൽ ആണ് അറസ്റ്റിലായത്. രാഹുലിന്‍റെ അടിവസ്ത്രത്തിൽ നിന്നാണ് നിരോധിത വസ്തുക്കള്‍ കണ്ടെത്തിയത്. രണ്ട് പായ്ക്ക് സിഗരറ്റുകളും 60 ഗ്രാം അബ്സോർബന്റ് പേപ്പറുമാണ് കണ്ടെത്തിയത്.
വൈകുന്നേരം 6.50 ഓടെയാണ് രാഹുല്‍ തന്റെ നൈറ്റ് ഷിഫ്റ്റിനായെത്തിയത്. ഈ സമയം കർണാടക സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (കെഎസ്ഐഎസ്എഫ്) ഗാർഡുകൾ പ്രവേശന കവാടത്തിൽ നടത്തിയ പരിശോധനയിലാണ് നിരോധിത വസ്തുക്കൾ കണ്ടെത്തിയത്. ഉടൻ തന്നെ വിഷയം മുതിർന്ന ജയിൽ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി. രാഹുലിനെതിരെ പരപ്പന അഗ്രഹാര പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. 1985 ലെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട്, 1963 ലെ കർണാടക ജയിൽ ആക്ട് എന്നിവയിലെ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
ജൂണിലാണ് ബെലഗാവിയിൽ നിന്ന് ബെംഗളൂരു സെൻട്രൽ ജയിലിലേക്ക് രാഹുല്‍ പാട്ടീല്‍ സ്ഥലം മാറിയെത്തുന്നത്. രാഹുല്‍ പാട്ടീൽ ജയിലിലേക്കുള്ള നിരോധിക വസ്തുക്കളുടെ വിതരണ ശൃംഖലയുടെ ഭാഗമാണോ എന്നും പിടിച്ചെടുത്ത വസ്തുക്കൾ ജയിലിനുള്ളിൽ ആർക്കാണ് എത്തിക്കാൻ ഉദ്ദേശിച്ചിരുന്നതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ജയിൽ കാന്റീനിൽ നേരത്തെ സിഗററ്റുകളും ബീഡികളും വിറ്റിരുന്നെങ്കിലും ഇവയുടെ വിൽപ്പന ഒരാഴ്ചത്തേക്ക് കർശനമായി നിരോധിച്ചിരിക്കുകയാണ്. ജയിൽ മാനുവലിൽ ഇവയുടെ വിൽപ്പന നിരോധിച്ചിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥർ അവ തടവുകാർക്ക് വിൽക്കുകയായിരുന്നു.
അതേസമയം, മൂന്ന് മാസത്തിനിടെ ജയിലിലേക്ക് നിരോധിത വസ്തുക്കൾ കടത്തിയതിന് പിടിക്കപ്പെടുന്ന രണ്ടാമത്തെ വാർഡനാണ് രാഹുല്‍ പാട്ടീല്‍. നേരത്തേ ഒക്ടോബറിൽ, സുരക്ഷാ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് മൊബൈൽ ഫോണുമായി ജയിലിൽ പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ വാർഡന്‍ അമർ പ്രജേ പിടിയിലായിരുന്നു. സംശയം തോന്നി പരിശോധിച്ചപ്പോള്‍ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തുകയായിരുന്നു.