നടിയെ ആക്രമിച്ച കേസിൽ അന്വേഷണസംഘത്തിന്റെ കൂടുതല്‍ കണ്ടെത്തലുകള്‍ മനോരമ ന്യൂസിന്. കേസിന്റെ അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് വരുത്തിത്തീർക്കാനും നടൻ ദിലീപ് വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നാണ് പുതിയ വെളിപ്പെടുത്തൽ. 'ദിലീപിനെ പൂട്ടണം' എന്ന് പേരിട്ട ഈ ഗ്രൂപ്പിന് പിന്നിൽ ദിലീപ് തന്നെയാണെന്ന് അന്വേഷണസംഘം കണ്ടെത്തിയത്.  കേസിൽ താൻ നിരപരാധിയാണെന്നും ഉന്നതതല ഗൂഢാലോചനയുടെ ഫലമായി അന്യായമായി പ്രതിചേർക്കപ്പെട്ടതാണെന്നും സ്ഥാപിക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു ഇതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.

'ദിലീപിനെ പൂട്ടണം' എന്ന പേരിൽ നിർമ്മിച്ച വാട്സ്ആപ്പ് ഗ്രൂപ്പിൽ, തനിക്കെതിരെ ഗൂഢാലോചന നടക്കുന്നു എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കാനായിരുന്നു ശ്രമം. ഈ ഗൂഢാലോചനയ്ക്ക് വിശ്വാസ്യത നൽകുന്നതിനായി, മുൻ ഭാര്യയും നടിയുമായ മഞ്ജു വാര്യരുടെ പേരിൽ ഒരു വ്യാജ പ്രൊഫൈൽ ഉണ്ടാക്കി ഗ്രൂപ്പിൽ ചേർത്തു. ഇതിനുപുറമെ, കേസിന്റെ അന്വേഷണത്തിന് മേൽനോട്ടം വഹിച്ചിരുന്ന മുതിർന്ന പൊലീസ് ഉദ്യോഗസ്ഥ എ.ഡി.ജി.പി ബി. സന്ധ്യയുടെ പേരും ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിരുന്നു. ഉന്നതരായ വ്യക്തികൾ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു എന്ന പ്രതീതി സൃഷ്ടിച്ച്, ഈ വാട്സ്ആപ്പ് ഗ്രൂപ്പ് ഒരു തെളിവായി അവതരിപ്പിക്കുകയായിരുന്നു ദിലീപിന്റെ ലക്ഷ്യം.

കേസിന്റെ തുടക്കം മുതൽ ദിലീപ് ഉയർത്തിയ പ്രധാന വാദങ്ങളിലൊന്ന് താൻ ഒരു ഇരയാണെന്നതായിരുന്നു. പൊതുസമൂഹത്തിലും കോടതിയിലും ഈ 'ഇരവാദം' സ്ഥാപിച്ചെടുക്കുന്നതിന്റെ ഭാഗമായിരുന്നു വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പ് നിർമ്മാണമെന്നും അന്വേഷണസംഘം ചൂണ്ടിക്കാണിക്കുന്നു. താൻ നിരപരാധിയാണെന്നും തന്നെ മനഃപൂർവം കേസിൽ കുടുക്കിയതാണെന്നും പ്രചരിപ്പിച്ച് സഹതാപ തരംഗം സൃഷ്ടിക്കാനുള്ള തന്ത്രമാണ് ഇതിലൂടെ പയറ്റിയത്.

ENGLISH SUMMARY:

Dileep is under investigation for allegedly creating a fake WhatsApp group to undermine the actress assault case. The investigation team found that Dileep allegedly created a fake WhatsApp group to make it appear as though he was being unfairly targeted in the case.