TOPICS COVERED

ബെംഗളൂരു നഗരത്തെ നടുക്കി വന്‍ ലഹരി വേട്ട. മൂന്നു കേസുകളിലായി 28.75 കോടിരൂപയുടെ എം.ഡി.എം.എയും ഹൈഡ്രോ കഞ്ചാവും പിടികൂടി. മൊത്തവില്‍പനക്കാരായ വനിതയടക്കം രണ്ടു വിദേശികള്‍ അറസ്റ്റിലായി. പുതുവല്‍സരാഘോഷം ലക്ഷ്യമിട്ടെത്തിച്ച ലഹരിവസ്തുക്കളാണു ബെംഗളുരു പൊലീസിന്റെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്റെ നീക്കത്തില്‍ പിടിച്ചെടുത്തത്. 

സാമ്പിഗെ ഹള്ളിയിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ചു എം.ഡി.എം.എ. വിതരണമുണ്ടെന്ന വിവരത്തിന്റെ പിറകെപോയ സിസിബി  നാര്‍ക്കോട്ടിക്സ് വിങിലെ ഉദ്യോഗസ്ഥര്‍ പി.ആന്‍.ടി ലേ ഔട്ടിലുള്ള വീട്ടിലെ കാഴ്ച കണ്ടമ്പരന്നു. ഹെയര്‍ സ്്റ്റൈലിസ്റ്റായി ജോലി ചെയ്യുന്ന ടാന്‍സാനിയന്‍ യുവതി നാന്‍സി ഓമറിയെന്ന 28കാരിയുടെ മുറിയില്‍  എം.ഡി.എം.എ. ക്രിസ്റ്റലുകള്‍ പാക്കറ്റുകളായി അട്ടിയിട്ടു വച്ചിരിക്കുന്നു. പതിനെട്ടര കോടി വിലമതിക്കുന്ന 9.25 കിലോയാണു പിടിച്ചെടുത്തത്. 2023ല്‍ ടൂറിസ് വീസയില്‍ രാജ്യത്തെത്തിയ ഇവര്‍ ഡല്‍ഹിയില്‍ നിന്നുമാണു ലഹരി വസ്തുക്കള്‍ ബെംഗളുരുവിലെത്തിച്ചിരുന്നത്. ലാല്‍ബാഗിനു സമീപത്തെ വീട്ടില്‍ നടത്തിയ പരിശോധനയിലാണു നൈജീരിയന്‍ സ്വദേശി ഇമ്മാനുവല്‍ അരിന്‍സെ അറസ്റ്റിലായത്. ലഹരികേസില്‍ ജയിലായിരുന്ന അരിന്‍സെ അടുത്തിടെ പുറത്തിറങ്ങി മുങ്ങിയിരുന്നു. ഇയാളുടെ താമസ സ്ഥലത്തു നിന്നു രണ്ടേകാല്‍ കോടിയുടെ എം.ഡി.എം.എ. പിടികൂടി.

ചാമരാജ് പേട്ടിലെ ഫോറിന്‍ പോസ്റ്റ് ഓഫീസിലെത്തിയ പാര്‍സല്‍ സംശയം തോന്നി തുറന്നു പരിശോധിച്ചപ്പോഴാണ് 8 കിലോ ഹൈഡ്രോ കഞ്ചാവ് കണ്ടെത്തിയത്. 8 കോടി വിലമതിക്കുന്ന ലഹരി വസ്തു അയച്ചിരിക്കുന്നതു വ്യാജ മേല്‍വിലാസത്തിലാണന്നു വ്യക്തമായി. പുതുവല്‍സര ആഘോഷങ്ങള്‍ ലക്ഷ്യമിട്ടെത്തിച്ചവയാണു പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍. ഇവരുടെ കൂട്ടാളികള്‍ക്കായി തിരച്ചില്‍ തുടങ്ങി.

ENGLISH SUMMARY:

Bangalore drug bust involves the seizure of MDMA and hydro cannabis worth crores, with arrests made including foreign nationals. Police are investigating the network supplying these drugs intended for New Year's celebrations